ഭൂമി കിട്ടിയെങ്കിലും പട്ടയമില്ല; തകർന്ന കുടിലിൽ നെടുവീർപ്പുമായി ഒരു കുടുംബം
text_fieldsവട്ടംകുളം ചിറ്റഴിക്കുന്നിലെ കുടിലിന് മുന്നിൽ കുമാരി
എടപ്പാൾ: കുടിക്കിടപ്പവകാശത്തിൽ ലഭിച്ച ഭൂമിയിലെ ഈ കുടിലിൽനിന്ന് ഉയരുന്നത് വേദനയുടെ സ്വരമാണ്. വട്ടംകുളം ചിറ്റഴിക്കുന്ന് ചന്ദ്രൻ-കുമാരി ദമ്പതികളുടെ, വീടെന്ന് പറയാൻ കഴിയാത്ത കുടിലിൽ ചെന്നെത്തിയാൽ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നല്ലോ എന്ന് വേദനിച്ചുപോകും. തൊഴിലുറപ്പ് തൊഴിലാളിയായ കുമാരിയും ഹൃദ്രോഗിയായ ചന്ദ്രനും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് പ്രതീക്ഷകൾക്ക് മരണമില്ലെന്ന ബോധ്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചിറ്റഴിക്കുന്നിൽ ഇവർ താമസിക്കുന്ന കുടിൽ നിൽക്കുന്ന ഇടം പരമ്പരാഗതമായി ചന്ദ്രന്റെ മാതാപിതാക്കൾക്ക് കുടികിടപ്പവകാശമായി ലഭിച്ചതാണ്. എന്നാൽ, ഇതിന് പട്ടയം ലഭിക്കാത്തത് ഇവരുടെ എല്ലാ പ്രതീക്ഷകളും അട്ടിമറിക്കുന്നു.
ദ്രവിച്ചു നശിച്ച ഓലമേഞ്ഞ മേൽക്കൂരയാണ് കുടിലിന്റേത്. മഴപെയ്താൽ വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ ടാർപോളിൻ വലിച്ചുകെട്ടിയിട്ടുണ്ട്. നിലത്തുനിന്ന് ഓല കുത്തിച്ചാരിയ കുടിലിൽ അന്തിയുറങ്ങുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രമേൽ ദയനീയമാണ് നേർക്കാഴ്ച. പട്ടയത്തിനും മറ്റു രേഖകൾക്കുമായി കുമാരി കുറേ വർഷങ്ങളായി മുട്ടാത്ത വാതിലുകളില്ല. പട്ടയത്തിനായി അപേക്ഷ കൊടുത്തപ്പോൾ കൈവശ സർട്ടിഫിക്കറ്റ് വേണമെന്നായി. എന്നാൽ, പട്ടയത്തിന് അപേക്ഷ കൊടുത്തത് പുറത്തറിഞ്ഞതോടെ തൊട്ടടുത്ത് സൗജന്യമായി ഭൂമി ലഭിച്ചയാൾ ഇടംകോലിട്ടു. ഭൂമി സൗജന്യമായി നൽകിയ മുൻതലമുറയിൽ പെട്ടവർ മരണപ്പെട്ടു പോയി.
എല്ലാ വേദനകളും ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് ചന്ദ്രനെ ഹൃദ്രോഗം പിടികൂടിയത്. രണ്ടുതവണ ശസ്ത്രക്രിയ കഴിഞ്ഞ ചന്ദ്രൻ ഇപ്പോഴും അന്നത്തിന് വേണ്ടി കൂലിവേലക്ക് പോവുകയാണ്. രണ്ടു മക്കൾ കൂലിവേലക്ക് പോകുന്നുണ്ടെങ്കിലും അവരുടെ നെഞ്ചിലും തീയാണ്. ഒരു വീട് ഉയർത്തി ജീവിതം പച്ചപിടിപ്പിക്കണമെന്ന മോഹം അവരുടെ ഉള്ളിലുണ്ട്. പക്ഷേ നൂലാമാലകൾ ഒഴിഞ്ഞുകിട്ടണമെന്നാണ് അവരുടെ പ്രാർഥന. പട്ടയം ലഭിച്ചാൽ കരുണ വറ്റാത്ത കരങ്ങൾ തലോടുമെന്ന പ്രതീക്ഷ ഇവരിലുണ്ട്. തറയിൽ കിടന്നുറങ്ങുന്ന തങ്ങളുടെ വേദനകൾക്ക് അറുതി വേണമെന്ന പ്രാർത്ഥനയാണ് ഈ കുടിലിൽനിന്ന് ഉയർന്നുകേൾക്കുന്നത്. വീട്ടിലേക്കുള്ള പൊന്ത നിറഞ്ഞ നടവഴി അടച്ചുകെട്ടുമെന്ന ഒഭീഷണിയും ഇവർക്ക് മുന്നിലുണ്ട്.