മഴ പെയ്താൽ ചളി; വെയിലായാൽ പൊടി, എടപ്പാൾ ടൗണിന് എക്കാലവും ദുരിതം
text_fieldsചളി നിറഞ്ഞ എടപ്പാൾ ടൗൺ
എടപ്പാൾ: മഴ പെയ്തതോടെ എടപ്പാൾ ടൗൺ ചളിയിൽ മുങ്ങി. ജൽജീവൻ പദ്ധതിയുടെ ഭാഗമായി എടപ്പാൾ ടൗണിൽ റോഡ് പൊളിച്ചിട്ടതാണ് ചളിമയമാകാൻ കാരണം. കുറ്റിപ്പുറം റോഡിലെ ചളിവെള്ളം ഒഴുകി എടപ്പാൾ മേൽപ്പാലത്തിന്റെ മധ്യഭാഗത്തെത്തി വെള്ളക്കെട്ടായിട്ടുണ്ട്. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ചളി തെറിച്ച് കാൽനട യാത്രക്കാരും പ്രയാസത്തിലായി. ഇത് വാക്കേറ്റത്തിനും കാരണമാകുന്നു. ബസുകളും മറ്റും കടന്നു പോകുപ്പോൾ വ്യാപാര സ്ഥാപനത്തിലേക്കും ചളി തെറിക്കുന്നു.
മഴ പെയ്താൽ ചളിയും വെയിലായാൽ പൊടിയും എന്ന ഗതികേടിലാണ് വ്യാപാരികളും നാട്ടുകാരും. എടപ്പാൾ ടൗണിൽ ൈപപ്പ് ലൈനിനായി കുഴിയെടുത്ത ഭാഗത്ത് ടാറിങ് വൈകുന്നതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ ദിവസം ടാറിങ് വൈകുന്നതിനെ തുടർന്ന് ജല അതോറിറ്റി ജീവനക്കാരും വ്യാപാരികളും രൂക്ഷമായ വാക്കേറ്റം ഉണ്ടായി. റോഡ് പൊളിച്ചിട്ട് ഒരു മാസമായിട്ടും അധികൃതർ ടാറിങ് നടത്താത്തതിലാണ് വ്യാപാരികൾ രോഷാകുലരായത്.
എടപ്പാൾ ടൗൺ ഭാഗത്ത് കുഴിയെടുത്ത ഭാഗം മൂടിയിട്ടുമില്ല. വാക്കു തർക്കം സംഘർഷാവസ്ഥയിലെത്തിയതോടെ 20ന് ടാറിങ് നടത്താമെന്ന് ജല അതോറിറ്റി എ.ഇ ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ എടപ്പാൾ ടൗണിൽ വാഹന യാത്രക്കാരും പാതയോരത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളും ചളിയും പൊടി ശല്യവും ഗതാഗത കുരുക്കും കാരണം വലയുകയാണ്.