ഗതാഗത മന്ത്രി അറിയാൻ...; കണ്ടനകം സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൂട്ടിയിട്ട് ഒരുവർഷം
text_fieldsഎടപ്പാൾ കണ്ടനകം സ്റ്റേഷൻ മാസ്റ്റർ ഓഫിസ്
എടപ്പാൾ: ഐ.ഡി.ടി.ആറിൽ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗത മന്ത്രിയോട് ജനങ്ങൾക്ക് ഒരുകാര്യം അറിയിക്കാനുണ്ട്. കണ്ടനകം കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പിന് ചേർന്നുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. തൃശൂരിനും കോഴിക്കോടിനുമിടയിൽ, 130 കിലോമീറ്ററിനുള്ളിലെ ഏക സ്റ്റേഷൻ മാസ്റ്റർ ഓഫിസായിരുന്നു കണ്ടനകത്തേത്.
ഈ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടെ നിർത്തി സമയം രേഖപ്പെടുത്തി യാത്ര തുടരുന്ന വിധത്തിലായിരുന്നു പ്രവർത്തനം. ദീർഘദൂര യാത്രക്കാർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാനും ഭക്ഷണം കഴിക്കാനും ഉൾപ്പെടെ ഇവിടെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും ബസുകൾ പുറപ്പെടുന്ന വിധത്തിൽ ഓപറേറ്റിങ് സെന്റർ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി തുടർനടപടികൾ ഉണ്ടായില്ല.
10 വർഷം മുമ്പാണ് എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വകയിരുത്തി കണ്ടനകം കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്ന് സ്റ്റേഷൻ മാസ്റ്റർ ഓഫിസും ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിച്ചത്. ഇത് പിന്നീട് സർവിസ് സെന്റർ ആക്കി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ തസ്തികകൂടി വെട്ടിച്ചുരുക്കുകയാണ് ഉണ്ടായത്.
പിന്നിട്ട് ബസുകൾ കയറി പോകാനുള്ള കേന്ദ്രം മാത്രമായി ഇതുമാറി. ഇപ്പോൾ ബസുകളും കയറുന്നില്ല. ജനങ്ങൾക്ക് ബസ് കയറാൻ റോഡിൽ കാത്തുനിൽക്കണം. ഇവിടേക്ക് കയറാനുള്ള റോഡ് ടാർചെയ്ത് അധികം കഴിയും മുമ്പേതന്നെ തകർന്നു. ഇവിടെ പൂട്ടുകട്ട വിരിക്കാൻ എം.എൽ.എ ഫണ്ടിൽനിന്നും തുക വകയിരുത്തിട്ടുണ്ട്. സ്റ്റേഷൻ പുനരരംഭിക്കണമെന്ന് പ്രക്ഷോഭങ്ങൾ അരങ്ങേറിയെങ്കിലും ഫലമുണ്ടായില്ല.