മലേഷ്യയിൽ പഞ്ചാരിമേളം അരങ്ങേറ്റം
text_fieldsസോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ മലേഷ്യയിൽ നടന്ന മേളം അരങ്ങേറ്റം
എടപ്പാൾ: കേരളത്തിന്റെ തനത് വാദ്യകലയായ പഞ്ചാരിമേളം മലേഷ്യൻ മണ്ണിൽ അരങ്ങേറ്റം കുറിച്ചു. എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മലേഷ്യയിലുള്ള ശാഖയിലാണ് അരങ്ങേറ്റം നടന്നത്. ‘താളം’ എന്ന പേരിൽ അണിനിരന്ന വാദ്യസംഘത്തിന്റെ കന്നി പ്രകടനം മലേഷ്യയിലെ ജോഹോർ ജയ ഹാളിൽ നടന്നു. ഒമ്പത് മുതൽ 30 വയസ്സ് വരെയുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന 44 പേരുടെ വലിയ സംഘമാണ് അരങ്ങേറ്റത്തിൽ പങ്കെടുത്തത്. മലേഷ്യയിലെ ആദ്യത്തെയും വലുതുമായ കേരളീയ വാദ്യസംഘമാണിത്.
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശീലനവും അരങ്ങേറ്റവും നടന്നത്. മലേഷ്യയിൽ പഞ്ചാരിമേള പരിശീലന ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ആശയം രാംദർശൻ മ്യൂസിക് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ സായിദർശന്റേതായിരുന്നു. സോപാനത്തിന്റെ കൃത്യമായ സിലബസ് പ്രകാരം ആശാന്മാരായ മുരളി കണ്ടനകം, സന്തോഷ് ആലങ്കോട് എന്നിവരാണ് മലേഷ്യയിലെത്തി പരിശീലനം നൽകിയത്. സോപനത്തിലെ 11 കലാകാരന്മാർ അരങ്ങേറ്റത്തിന്റെ വിജയകരമായ പൂർത്തീകരണത്തിനെത്തി.


