ഓടിക്കയറി കേരളം ടു കൊറിയ
text_fieldsലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ സലീം തവനൂർ
എടപ്പാൾ: 2026ൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി സലീം തവനൂർ. തവനൂർ ആശുപത്രിക്ക് സമീപം താമസിക്കുന്ന മണൽ പറമ്പിൽ സലീം (54) ആണ് ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 800 മീറ്റർ മത്സരത്തിൽ (50+) 2.28.81 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ദക്ഷിണ കൊറിയയിൽ നടക്കുന്ന വേൾഡ് മീറ്റിന് യോഗ്യത നേടിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സലീം സ്വപ്രയത്നം കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. പഠനകാലത്ത് കായികമത്സരങ്ങളിൽ സജീവമായിരുന്ന സലീമിന് കുടുംബ പ്രാരബ്ധങ്ങൾ കാരണം പിന്നീട് വിട്ടുനിൽക്കേണ്ടിവന്നു.
2010 മുതൽ തെങ്ങുകയറ്റ തൊഴിലാളിയായി. എങ്കിലും മനസ്സിൽ അടക്കിവച്ചിരുന്ന കായികമോഹം പുറത്തെത്തിയതോടെ വീണ്ടും ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ഭാര്യ സലീനയുടെയും മക്കളായ സഫീല, സുമയ്യ, അബ്ദുൽ സലാം എന്നിവരുടെയും പൂർണ പിന്തുണ ലഭിച്ചതോടെ മത്സരങ്ങളിൽ വിജയക്കൊടി പാറിക്കാനായി.
മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തികസ്ഥിതി തടസ്സമാകുമോ എന്ന ആശങ്ക സലീമിനെ അലട്ടുന്നുണ്ട്. വ്യാപാരി വ്യവസായി തവനൂർ യൂനിറ്റും റിലയൻസ് ക്ലബ് തവനൂരും നാട്ടിലെ ചില അഭ്യുദയകാംക്ഷികളും സഹായിച്ചതിനാലാണ് ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചത്. ലോക മീറ്റിൽ പങ്കെടുക്കാൻ സ്പോൺസർമാരുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സലീം.


