ജപ്പാൻ മെഡിക്കൽ സംഘം സീതി ഹാജി കാൻസർ സെൻറർ സന്ദർശിച്ചു
text_fieldsജപ്പാൻ മെഡിക്കൽ സംഘം എടവണ്ണയിലെ സീതി ഹാജി കാൻസർ സെന്റർ സന്ദർശിക്കുന്നു
എടവണ്ണ: ജപ്പാൻ ഗവ.പ്രതിനിധികൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘം എടവണ്ണയിലെ സീതി ഹാജി കാൻസർ സെന്ററിൽ സന്ദർശനം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ കാൻസർ രോഗ ചികിത്സാരംഗത്ത് മാതൃക തീർത്ത സെന്ററിന്റെ പ്രവർത്തനങ്ങളെ പഠിക്കാനും വിലയിരുത്താനുമാണ് ഡോക്ടർമാർ അടങ്ങുന്ന 15 അംഗ സംഘത്തിന്റെ സന്ദർശനം . അർബുദ രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന സെൻറർ ഇതിനകം നാലായിരത്തിലധികം കീമോതെറാപ്പി ചികിത്സകൾ നൽകിയിട്ടുണ്ട്. അർബുദം നേരത്തെ കണ്ടെത്തുന്നതിനാവശ്യമായ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് ഫുജി ഫിലിം, ഹിറ്റാച്ചി കമ്പനികളുടെ സാങ്കേതിക വിദഗ്ധരും എൻജിനീയർമാരും സംഘത്തിൽ ഉണ്ടായിരുന്നു. സെൻറർ മെഡിക്കൽ ഓഫിസർ ഡോ. ജമീല, ഡോ.ജനീഫ്, ഡോ.അസൂറ, അഡ്മിനിസ്ട്രേറ്റർ സാഹിർ അലി എന്നിവരുടെ നേതൃത്വത്തിൽ സംഘത്തിന് സ്വീകരണം നൽകി. എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രവും സന്ദർശിച്ചാണ് സംഘം മടങ്ങിയത്.