ചാലിയാറിലെ വൻകിട സ്വർണ ഖനനത്തിനെതിരെ നാട്ടുകാർ
text_fieldsചാലിയാറിൽ മൂലത്ത്പറമ്പിൽ നടക്കുന്ന വൻകിട സ്വർണ ഖനനം
എടവണ്ണ: ചാലിയാറിലെ വൻകിട സ്വർണ ഖനനം നാട്ടുകാർക്കും തീരവാസികൾക്കും ഭീഷണി സൃഷ്ടിക്കുന്നതായി പരാതി. എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോട്, മൂലത്ത്പറമ്പ് പ്രദേശങ്ങളിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വൻകിട സ്വർണഖനനം നടക്കുന്നത്. മൂന്ന് ഭാഗവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ട് ഉപദ്വീപ് പോലെ കിടക്കുന്ന പ്രദേശമാണ് മൂലത്ത്പറമ്പ്.
തോണികളും മോട്ടോറും അരിപ്പയും ഉപയോഗിച്ചാണ് രാവും പകലും ഖനനം നടത്തുന്നത്. ഒരു ഡസനോളം തോണികളും 60ലധികം ആളുകളും ദിവസവും ചാലിയാർ പുഴ കുഴിച്ച് സ്വർണം അരിച്ചെടുക്കുന്നു. ഇതുമൂലം പുഴയുടെ ഈ ഭാഗത്ത് 20 അടി താഴ്ചയിലുള്ള നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
പുഴയിലെ ചതിക്കുഴികൾ കുളിക്കാൻ ഇറങ്ങുന്ന നാട്ടുകാർക്ക് അപകട ഭീഷണിയായിട്ടുണ്ട്. സ്വർണ ഖനനത്തിനായി പുഴയോരത്തുനിന്ന് മണ്ണെടുക്കുന്നതോടെ പീലികണ്ണൻ പാറയിലെ കെട്ടിനിൽക്കുന്ന വെള്ളം ഇവിടേക്ക് ഒഴുകുന്നതായും തദ്ദേശവാസികളുടെ കിണറുകളിലെ ജലവിതാനം താഴ്ന്നതായും നാട്ടുകാർ പറയുന്നു.
അറുപതിലധികം കുടുംബങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ട്. നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും ഖനനം നിർത്തുന്നില്ല. ഖനനം നടത്തുന്നവർ പ്രദേശത്തുകാരല്ലെന്നും നാട്ടുകാർ പറയുന്നു. കൈക്കോട്ടും മറ്റും ഉപയോഗിച്ച് സ്വർണം അരിച്ചെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളും ഇവിടെയുണ്ട്.
ഇവർ ഭീഷണിയല്ലെന്നും നാട്ടുകാർ പറയുന്നു. വൻകിട ഖനനത്തിനെതിരെ രംഗത്തിറങ്ങിയ നാട്ടുകാരെ സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇതോടെ നാട്ടുകാർ സംഘടിച്ച് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. വൻകിട സ്വർണഖനനത്തിനെതിരെ അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം.