മുണ്ടേങ്ങര സ്വദേശി കാപ്പ നിയമപ്രകാരം അറസ്റ്റിൽ
text_fieldsമുഹമ്മദ് നിസ്സാം, വിജീഷ്
എടവണ്ണ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ എടവണ്ണ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസ്സാമിനെയാണ് (32) എടവണ്ണ ഇൻസ്പെക്ടർ സി. ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് സംരക്ഷണം നൽകിയ സുഹൃത്ത് ചെമ്പക്കുത്ത് സ്വദേശി പുതുക്കോടൻ വിജീഷിനെയും (25) അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് ഒളിവിൽ താമസിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ കലക്ടർ പ്രേംകുമാറാണ് നടപടി സ്വീകരിച്ചത്.
എടവണ്ണ ചെമ്പക്കുത്ത് സ്വദേശി റിദാൻ ബാസിൽ വധക്കേസിലെ ഏഴാം പ്രതിയായ നിസ്സാം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. രണ്ട് മാസത്തോളമായി നിസ്സാമും വിജേഷും ഒളിവിൽ താമസിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.
വധശ്രമം, സ്വർണക്കടത്ത്, അടിപിടി, കവർച്ച തുടങ്ങി പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് നിസ്സാം. നിസ്സാമിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു. സി.പി.ഒ ദിനേശ്, വി. പ്രജിത്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.