സീബ്ര ലൈനില്ല; എടവണ്ണയിലെങ്ങും അപകട സാധ്യത
text_fieldsസീബ്ര ലൈനില്ലാത്ത എടവണ്ണ ബസ് സ്റ്റാൻഡിന്റെ മുൻഭാഗം
എടവണ്ണ: കെ.എൻ.ജി റോഡിൽ നിലമ്പൂർ-മഞ്ചേരി പാതയിൽ എടവണ്ണ ഭാഗത്ത് സീബ്ര ലൈനില്ലാത്തത് യാത്രക്കാർക്ക് അപകട സാഹചര്യം നിലനിൽക്കുന്നു. ഏറെ വാഹനത്തിരക്കുള്ള റോഡിൽ ഏത് ഭാഗത്ത് റോഡ് മുറിച്ച് കടക്കണമെന്നറിയാതെ യാത്രക്കാർ കുടുങ്ങുകയാണ്. എല്ല ഭാഗത്തും കാൽനടക്കാർ റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമാണുള്ളത്. ഇത് അപകടം വിളിച്ചു വരുത്തുന്ന സാഹചര്യമാണ്.
എടവണ്ണ എസ്.ബി.ഐക്ക് മുൻവശം, സി.പി.എ ജങ്ഷൻ, ബസ് സ്റ്റാൻഡിന് മുൻവശം, ഓറിയൻറൽ സ്കൂളിന് സമീപം ഇവിടെ എവിടെയും സീബ്ര ലൈൻ ഇല്ല. ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കൻഡറി, സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി, എടവണ്ണ യതീംഖാന സ്കൂൾ, എടവണ്ണ പോളിടെക്നിക്ക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരികയും പോകുകയും ചെയ്യുന്ന ആയിരത്തോളം വരുന്ന വിദ്യർഥികളും സ്കൂൾ സമയങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ പ്രയാസം നേരിടുന്നു.
എടവണ്ണ ബസ് സ്റ്റാൻഡ് യാത്രക്കാരെ മുഴുവനായി ഉൾക്കൊള്ളാനാവാത്തതും യാത്രക്കാർക്ക് സൗകര്യമില്ലാത്തതുമാണ്. വെയിലും മഴയും കൊള്ളാതെ നിൽക്കാൻ കഴിയാത്തതിനാൽ ബസ് യാത്രക്കാർ റോഡരികുകളിലാണ് ബസ് കാത്ത് നിൽക്കുന്നത്. ബസുകൾ വരുന്ന സമയങ്ങളിൽ യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നതിനാൽ റോഡ് നിറയെ യാത്രക്കാരാണ്.
ഒതായി, ചാത്തല്ലൂർ, തിരുവാലി, വണ്ടൂർ, കിഴിശ്ശേരി, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും ദീർഘദൂര യാത്രക്കാരും ആശ്രയിക്കുന്ന ഇടമാണ് എടവണ്ണ ടൗൺ ഭാഗം.
റോഡിൽ അടിയന്തിരമായി സീബ്രലൈൻ വരച്ച് അപകടസാധ്യതകൾ ഒഴിവാക്കണമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി. ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ, നിലമ്പൂർ താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് നിയാസ് ചാലിയാർ, ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, എ വൺ ബാബു മമ്പാട്, കെ.ടി. മെഹബൂബ്, എം. ഹമീദ് കുരിക്കൾ, അറക്കൽ ഷെമീർ, ജസ് ല കുട്ടൻ എന്നിവരാണ് പരാതി നൽകിയത്.