എടവണ്ണപ്പാറയിലെ ഗതാഗത കുരുക്ക്; ശാശ്വത പരിഹാരം തേടി എം.എൽ.എയുടെ യോഗം
text_fieldsഎടവണ്ണപ്പാറയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വിളിച്ചുചേർത്ത യോഗത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ സംസാരിക്കുന്നു
എടവണ്ണപ്പാറ: ജങ്ഷനിലെ ഗതാഗത കുരുക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം തേടി ടി.വി. ഇബ്രാഹീം എം.എൽ.എ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. കൊണ്ടോട്ടി-അരീക്കോട് റോഡ് വികസിപ്പിക്കുകയും കൂളിമാട്, എളമരം കടവ് പാലങ്ങൾ ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്തതോടെ വാഹനങ്ങൾ കൃമാതീതമായി വർധിക്കുകയും അപകടങ്ങൾ പതിവാകുകയും ചെയ്യുകയാണ്. ജങ്ഷൻ വീതി കൂട്ടാത്തതിനാൽ ഇവിടെ അപകടങ്ങൾ നിത്യസംഭവമായി. കൊണ്ടോട്ടി-അരിക്കോട് റോഡ് നന്നാക്കിയെങ്കിലും ജങ്ഷൻ വികസനം രണ്ടാംഘട്ടത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. റോഡ് വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെ.ആർ.എഫ്.ബിയാണ് ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് പ്രവൃത്തിക്ക് വേണ്ടി കെ.ആർ.എഫ്.ബിക്ക് കൈമാറിയതിനാൽ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് ഫണ്ട് അനുവദിക്കുന്നതിന് പരിമിതികളുണ്ട്. രണ്ടാം ഘട്ട പ്രവൃത്തിയിൽ ജംങ്ഷൻ വികസനം ഉൾപ്പെടുന്നതിനാൽ അതിനുള്ള പ്രൊപ്പോസൽ വേഗത്തിൽ സമർപ്പിക്കാൻ കെ.ആർ.എഫ്.ബിക്ക് എം.എൽ.എ നിർദേശം നൽകി.