എടവണ്ണപ്പാറ ഓട്ടുപാറ-കൂളിമാട് റോഡ്; ജനകീയ പ്രക്ഷോഭത്തിന് തുടക്കം
text_fieldsകൂളിമാട് -ഓട്ടുപാറ റോഡ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ
ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എടവണ്ണപ്പാറ: ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എടവണ്ണപ്പാറ ഓട്ടുപാറ കൂളിമാട് റോഡ് പുനരുദ്ധാരണം നടക്കാത്തതിൽ യു.ഡി.എഫ് ജനകീയ പ്രക്ഷോഭത്തിൽ. 2014ൽ ഐക്യജനാധിപത്യ മുന്നണി ഭരണത്തിൽ പൊതുമരാമത്ത് വകുപ്പ് രണ്ട് കോടിയലധികം രൂപ ചെലവിൽ പൂർത്തിയാക്കിയ റോഡ് പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ പി.ഡബ്ല്യു.ഡി പട്ടികയിൽനിന്ന് നീക്കിയതോടെയാണ് ദുരിതം ആരംഭിച്ചത്.
മലയിടിച്ച് താഴ്ത്തി നിർമിച്ച റോഡിൽ ഇരുവശങ്ങളിൽ സംരക്ഷണഭിത്തി സ്ഥാപിച്ചതും പൊതുമരാമത്ത് വകുപ്പായിരുന്നു. നിലവിൽ ത്രിതല പഞ്ചായത്തുകളിലെ ആസ്തിയിലും പദ്ധതി ഉൾപ്പെട്ടിട്ടില്ല. ഇക്കാര്യം ഉയർത്തി ജനപ്രതിനിധികളും നാട്ടുകാരും പലതവണ അധികൃതരെ സമീപിച്ചെങ്കിലും രേഖകൾ പോലും ലഭ്യമല്ലെന്ന മറുപടി തുടരുന്ന സാഹചര്യത്തിലാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.
ഒരു വർഷം മുമ്പ് ഉദ്ഘാടനം നടത്തിയ കൂളിമാട് പാലത്തിന്റെ പ്രധാന അപ്രോച്ച് റോഡാണിത്. വിമാനത്താവളത്തിലേക്കും മെഡിക്കൽ കോളജിലേക്കുമുള്ള യാത്രക്കാരുടെ ആശ്രയമായ റോഡ് എന്ന നിലയിൽ പാലം നിർമാണത്തിനൊപ്പം ഇതിന്റെ വികസനത്തിന് ശ്രമം നടന്നിരുന്നു.
ജനപ്രതിനിധികൾ പല ഘട്ടങ്ങളിൽ താൽപര്യമെടുത്ത് മുന്നിട്ടിറങ്ങി. എന്നാൽ, റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ലഭ്യമായില്ല. ജനപ്രതിനിധികളുടെയൊ, ജില്ല പഞ്ചായത്തിന്റെയോ ഫണ്ട് വിനിയോഗിക്കാനും പറ്റുന്നുമില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ മപ്രം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂളിമാട് പാലം പരിസരത്ത് നടത്തിയ ജനകീയ ധർണ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇ.ടി അബ്ദുൽ ജബ്ബാർ പ്രതിഷേധ കുറ്റപത്രം അവതരിപ്പിച്ചു. യു.ഡി.എഫ് ചെയർമാൻ ടി. ആസാദ് അധ്യക്ഷത വഹിച്ചു. കൺവീനർ മുത്തുക്കോയ തങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ, ജൈസൽ എളമരം, മോട്ടമ്മൽ മുജീബ്, അഡ്വ. എം.കെ.സി നൗഷാദ്, ബ്ലോക്ക് അംഗം പി. അബൂബക്കർ, വാർഡ് അംഗം വി. സുഹ്റ, സി.പി. ബഷീർ, ഇ.ടി. ആരിഫ്, ആർ.പി. ഹാരിസ്, ശ്രീദാസ് വെട്ടത്തൂർ, ഷംസു മപ്രം, കെ. ഷറഫുന്നിസ എന്നിവർ സംസാരിച്ചു.