എടവണ്ണപ്പാറ ടൗണിലെ കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം
text_fieldsഎടവണ്ണപ്പാറ ടൗണില്‍ ഗതാഗത സുരക്ഷ ക്രമീകരണം നടത്തുന്നത്തിന്റെ ഭാഗമായി ചേർന്ന പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അവസാനഘട്ട സംയുക്ത യോഗം
എടവണ്ണപ്പാറ: ടൗണില്‍ ഗതാഗത സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അവസാനഘട്ട സംയുക്ത യോഗം എടവണ്ണപ്പാറയൽ നടന്നു. അനധികൃതമായി ഇറക്കിക്കെട്ടിയതും കൈയേറിയതുമായ സ്ഥലങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുമ്പ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു. കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നോട്ടീസ് സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് സംയുക്തയോഗം ചേര്‍ന്നത്. ജങ്ഷനില്‍നിന്നുള്ള നാല് റോഡുകളിലും തെരുവുകച്ചവടങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് പഞ്ചായത്ത് സൂചന ബോര്‍ഡ് സ്ഥാപിക്കും.
വ്യാപാരികള്‍ പരിധിവിട്ട് ഇറക്കി ചെയ്യുന്ന കച്ചവടങ്ങള്‍ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറ്റിവെക്കാമെന്നും, അനധികൃതമായി ഇറക്കിക്കെട്ടിയ നിര്‍മിതികള്‍ കെട്ടിട ഉടമകള്‍ സ്വമേധയാ നീക്കംചെയ്യാമെന്നും ഉറപ്പുനല്‍കി. നാടിന്റെ വികസനത്തിന് ട്രാഫിക് പരിഷ്കരണം ഏറെ അനിവാര്യമാണെന്നും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഗുണകരമാണെന്നും യോഗം വിലയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷരീഫ ചിങ്ങംകുളത്തില്‍, സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്സല്, ആയിശ മാരാത്ത്, തറമ്മൽ അയ്യപ്പന്‍കുട്ടി, മെംബര്‍മാരായ മലയിൽ അബ്ദുറഹിമാന്, അഡ്വ. എം.കെ നൗഷാദ്, സി.പി. ബഷീര്‍, പി.ടി. വസന്തകുമാരി, ഷമീന സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അബൂബക്കര്‍, കുഴിമുള്ളി ഗോപാലന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജൈസൽ എളമരം, രവീന്ദ്രനാഥ്, എന്‍.എച്ച്. അലി, വി. രാജഗോപാലന്‍, എ.പി. സച്ചിദാനന്ദന്, അശ്റഫ് കോറോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ സലാം, റഷീദ്, ബാബുരാജ്, ഒ. വിശ്വനാഥന്, അല്‍ജമാൽ നാസര്‍, ലത്തീഫ്, അബ്ദു ഹാജി, സി.എ. കരീം, പൊതുമരാമത്ത് ഓവര്‍സിയര്‍ പ്രമോദ്, ഹെഡ്ക്ലര്‍ക്ക് ടി.കെ. രൂപേഷ്, ഓവര്‍സിയര്‍ പ്രസീല, മുസ്തഫ, സജേഷ് എന്നിവര്‍ പങ്കെടുത്തു.