എടവണ്ണപ്പാറയിലെ ബസ് ജീവനക്കാരന്റെ കൊലപാതകം; അന്വേഷണം ഊർജിതം
text_fieldsഎടവണ്ണപ്പാറ: ബസ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വാഴക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച രാത്രി എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നടന്ന സംഘർഷത്തിൽ, എടവണ്ണപ്പാറ വിളക്കണ്ടത്തിൽ കുഴിമുളി തടായി സജിം അലി (36) മരിച്ച കേസിലാണ് അന്വേഷണം.
തൊഴിൽപരമായ കാര്യങ്ങളെ ചൊല്ലിയുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. സജീം അലിയെ മാറ്റി മറ്റൊരാളെ ജോലിക്ക് നിയമിച്ചത് ചോദ്യംചെയ്തത് സംഘട്ടനത്തിൽ കലാശിച്ചെന്നാണ് പൊലീസ് പറയുന്നത്.
മാസങ്ങൾക്കു മുമ്പ് എടവണ്ണപ്പാറയിൽ ഹോം ഗാർഡിനെ ആക്രമിച്ച കേസിലെ പ്രതിയായ സജീം അലിക്കെതിരെ വാഴക്കാട് പൊലീസിൽ 11 കേസുകളുണ്ട്. ആക്രമണത്തിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ കൊണ്ടോട്ടി എ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരുകയാണ്.


