ചാലിയപ്പുറം ഗവ. ആയുർവേദ ഡിസ്പൻസറിക്ക് ദേശീയ അംഗീകാരം
text_fieldsചീക്കോട് ഗ്രാമപഞ്ചായത്ത് കുഞ്ഞുണ്ണി നായർ സ്മാരക
ഗവ. മാതൃക ആയുർവേദ ഡിസ്പൻസറി
എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് കുഞ്ഞുണ്ണി നായർ സ്മാരക ഗവ. മാതൃക ആയുർവേദ ഡിസ്പൻസറിക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ഹെൽത്ത് കെയറിന്റെ അംഗീകാരം. 1939ൽ സ്ഥാപിതമായ ഡിസ്പൻസറി നിലവിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായാണ് പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിലെ ജീവനക്കാരുടെയും പഞ്ചായത്ത് വകുപ്പ്, നാഷനൽ ആയുഷ് മിഷൻ തുടങ്ങിയവയുടെ മേലധികാരികളുടെയും നിരന്തര ശ്രമഫലമായിട്ടാണ് അവാർഡിനർഹമായത്. നിലവിൽ സ്ഥാപനത്തിൽ രോഗികൾക്കായി അതത് രോഗത്തിനനുസൃതമായി പ്രത്യേകം യോഗ തെറപ്പി നടക്കുന്നുണ്ട്. ജീവിതശൈലി രോഗത്തിനും എല്ല് സംബന്ധമായ രോഗങ്ങൾക്കും ഒടിവ്, ചതവ് എന്നിവക്കും പ്രത്യേക ചികിത്സയും ഒരുക്കിയിട്ടുണ്ട്.
കിടപ്പിലായ രോഗികൾക്ക് പരിരക്ഷ ഹോം കെയർ വഴി പ്രത്യേക ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷനൽ ആയുഷ് മിഷന്റെയും പരിസരവാസികളുടെയും അകമഴിഞ്ഞ സഹായങ്ങൾ സ്ഥാപനത്തിന് ലഭിക്കുന്നതായി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. വി.പി. അബ്ദുൽ റഷീദ് പറഞ്ഞു.