ഏലംകുളം ഗ്രാമപഞ്ചായത്ത്; ഇടക്കാലത്ത് നഷ്ടമായ ഭരണം തിരികെകിട്ടിയ ആഹ്ലാദത്തിൽ സി.പി.എം
text_fieldsഏലംകുളം പഞ്ചായത്തിൽ പുതുതായി ചുമതലയേറ്റ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയും സി.പി.എം അംഗങ്ങളെയും ഓഫിസ് മുറ്റത്ത് മാലയിട്ട് സ്വീകരിച്ചപ്പോൾ
ഏലംകുളം: 40 വർഷമായി ഭരിച്ച ഏലംകുളം പഞ്ചായത്തിൽ 2020ൽ നഷ്ടമായ ഭരണം തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിൽ സി.പി.എം. 2020ൽ 16 അംഗങ്ങളിൽ എട്ടുപേരുടെ മാത്രം പിന്തുണയിൽ നറുക്കെടുപ്പിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും യു.ഡി.എഫ് പക്ഷത്തിന് ലഭിച്ചതോടെയാണ് ഏലംകുളത്ത് സി.പി.എം പ്രതിപക്ഷത്തായത്. പ്രസിഡന്റും വൈസ് പ്രസിഡന്റും യു.ഡി.എഫുകാരാണെങ്കിലും സ്ഥിരംസമിതി അധ്യക്ഷർ എൽ.ഡി.എഫ് അംഗങ്ങളായിരുന്നു. ചെറിയകാര്യങ്ങളുടെ പേരിൽ തർക്കങ്ങളും നടന്നിരുന്നു. അതിനിടയിലാണ് കോൺഗ്രസ് പക്ഷത്തെ സ്വതന്ത്ര വനിത അംഗം ആവിശ്വാസ പ്രമേയത്തോടെ ഇടതുപക്ഷത്തേക്ക് മാറിയത്. ഇതിനെ ചൊല്ലി ഒരുമാസമായി പഞ്ചായത്തിൽ സി.പി.എമ്മിനെതിരെ യു.ഡി.എഫ് ആരോപണം ഉയർത്തുന്നുണ്ട്.
ഇരുപക്ഷവും വിശദീകരണ പൊതുയോഗങ്ങളും നടത്തി. അതേസമയം ഇടതുപകഷത്തേക്ക് എത്തിയ വനിത അംഗം, യു.ഡി.എഫിനും ഇതുവരെ പഞ്ചായത്ത് ഭരിച്ചവർക്കുമെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ചാണ് ആഗസ്റ്റ് 27ന് എൽ.ഡി.എഫ് അവിശ്വാസനോട്ടീസ് നൽകിയത്. ശേഷിക്കുന്ന ഒരു വർഷമാണ് സി.പി.എമ്മിന് ഭരണം. പുതിയ വാർഷിക പദ്ധതികൾ അംഗീകരിച്ചു.
തുടർവർഷ പദ്ധതികളാണ് മിക്കതും. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണംനേടാനുള്ള ശ്രമങ്ങളിലാണ് ഇരുപക്ഷവും. ഇടക്കാലത്ത് നഷ്ടപ്പെട്ട ഭരണം വീണ്ടെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബുധനാഴ്ച വൈകീട്ട് ഏലംകുളത്ത് സി.പി.എം പ്രകടനം നടത്തി.