'അവള് ഉയര്‍ന്ന് പറക്കട്ടെ' കാമ്പയിന് മലപ്പുറം ജില്ലയിൽ തുടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശനമായി തടയും- മന്ത്രി
text_fieldsഏലംകുളം: പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച 'അവള് ഉയര്‍ന്ന് പറക്കട്ടെ' കാമ്പയിന് ജില്ലയില്‍ തുടക്കമായി. കുന്നക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലതല ഉദ്ഘാടനം കായികമന്ത്രി വി. അബ്ദുറഹിമാന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണ്. സ്ത്രീധനത്തിെൻറ പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമൂഹത്തില്‍ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും സമത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
വനിത കമീഷെൻറയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല മിഷെൻറയും സംയുക്താഭിമുഖ്യത്തിലാണ് പെണ്‍കുട്ടികളുടെ സാമൂഹിക വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കി സമൂഹത്തില്‍ ഉയര്‍ന്ന ശ്രേണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കാമ്പയിന് നടപ്പാക്കുന്നത്. പത്താം ക്ലാസിലേയും ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേയും വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും ലിംഗസമത്വ ബോധവും വളര്‍ത്താനാവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും നടപ്പാക്കും. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സര്‍ട്ടിഫൈഡ് ലൈഫ് കെയര്‍ കൗണ്‍സിലര്‍ ജിഷ ത്യാഗരാജ് ക്ലാസെടുത്തു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. കുസുമം, ആര്.ഡി.ഡി കെ. സ്നേഹലത, വി.എച്ച്.എസ്.സി. എ.ഡി എം. ഉബൈദുല്ല, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫിസര്‍ ടി. രത്നാകരന്, കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍ ടി.കെ. അബ്ദുൽ റഷീദ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് മുസ്തഫ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല ഓഡിനേറ്റര്‍ എം.മണി, പി.ടി.എ പ്രസിഡൻറ് പി.ഗോവിന്ദ പ്രസാദ്, പ്രിന്‍സിപ്പൽ കെ.ശ്രീജിത്, പ്രധാനാധ്യാപകന് പി. സ്രാജൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.