ഏലംകുളത്ത് തെരുവുനായ് വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു
text_fieldsrepresentational image
ഏലംകുളം: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് വിളയാട്ടം. കുന്നക്കാവ്, വടക്കേക്കര, മുതുകുർശ്ശി, എളാട്, പാറക്കൽ മുക്ക് ഭാഗങ്ങളിലായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നായുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകീട്ട് വരെ വിവിധ ഭാഗങ്ങളിൽ 11ലധികം പേർക്ക് നായുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. മിക്ക സ്ഥലത്തും വീടുകളിൽ കയറിയാണ് ആക്രമിച്ചത്.
കുന്നക്കാവിൽ അഞ്ച് വയസ്സുകാരിയുടെ മുതുകിനാണ് നായുടെ കടിയേറ്റത്. കൂടാതെ മൂന്ന് വയസ്സായ കുട്ടിയും പ്രായമായ വീട്ടമ്മയും നായുടെ ആക്രമണത്തിനിരയായി. തെരുവുനായ് പരാക്രമം അറിഞ്ഞ ഉടൻ കുന്നക്കാവ് പ്രദേശത്തെ സ്കൂൾ അധികൃതർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രത മുന്നറിയിപ്പ് നൽകി.
കടിയേറ്റവർക്ക് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും മഞ്ചേരി ഗവ. മെഡിക്കൽ കോളജിലും ചികിത്സ നൽകി. മഞ്ചേരി മെഡിക്കൽ കോളജിലാണ് ഫസ്റ്റ് ഡോസ് ഇൻജക്ഷൻ എടുക്കുന്നത്. തുടർ ഇൻജക്ഷനുകൾ പെരിന്തൽമണ്ണയിൽ ലഭ്യമാണ്.