റെയിൽവേ പാലത്തിൽനിന്ന് മാതാവ് നവജാത ശിശുവിനെ പുഴയിലെറിഞ്ഞു
text_fieldsമപ്പാട്ടുകര റെയിൽവേ പാലത്തിന് താഴെ കുന്തിപ്പുഴയിൽ
കുഞ്ഞിനായി തിരച്ചിൽ നടത്തുന്ന അഗ്നിരക്ഷാസേനയും നാട്ടുകാരും
ഏലംകുളം: ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ മപ്പാട്ടുകര റെയിൽവേ പാലത്തിൽ നിന്ന് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞു. മുതുകുർശി പാലത്തോൾ സ്വദേശിനിയാണ് 11 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പുഴയിലെറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം. തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷമാണ് യുവതി കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്. മടങ്ങുന്ന സമയത്ത് മോഷ്ടാവെന്ന് കരുതി ചിലർ യുവതിയെ പിന്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ വിവരം പറഞ്ഞത്. തുടർന്ന് പ്രദേശവാസികൾ പുഴയിലിറങ്ങി തിരയുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള യുവതി ആറ് മാസമായി ചികിത്സയിലാണെന്ന് വീട്ടുകാർ പറയുന്നു. ഭർത്താവ് ഗൾഫിലാണ്.
പെരിന്തൽമണ്ണ-മലപ്പുറം അഗ്നിരക്ഷാസേന യൂനിറ്റുകളും സിവിൽ ഡിഫൻസ് അംഗങ്ങളും മപ്പാട്ടുകര പാലത്തിന് താഴെയും പരിസര പ്രദേശങ്ങളിലുമായി പുഴയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ തിരച്ചിൽ തുടരും. പെരിന്തൽമണ്ണ ഫയർ ഓഫിസർ സി. ബാബുരാജ്, കെ. പ്രജീഷ്, കെ.എം. മുജീബ്, അശോക് കുമാർ, ഉമ്മർ എന്നിവരും ഡിഫൻസ് അംഗങ്ങളും സംബന്ധിച്ചു. പെരിന്തൽമണ്ണ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.