വെള്ളം പൊങ്ങി; പട്ടുകുത്ത് തുരുത്ത് നിവാസികൾ ഒറ്റപ്പെടുന്നു
text_fieldsകട്ടുപ്പാറ-പട്ടുകുത്ത് തുരുത്ത് വഴിയിൽ തോടിന് കുറുകെയുള്ള പാലം
വെള്ളത്തിനടിയിലായപ്പേൾ
ഏലംകുളം: പാലമെന്ന സ്വപ്നം ഏട്ടിലൊതുങ്ങിയതോടെ ഏലംകുളം പട്ടുകുത്ത് തുരുത്ത് നിവാസികളുടെ പുറംലോകത്തേക്കുള്ള വഴിയടയുന്നു.
കുന്തിപ്പുഴയിൽ ജലനിരപ്പുയരുകയും മഴ ശക്തമാവുകയും ചെയ്തതോടെ യാത്രാമാർഗങ്ങൾ വെള്ളത്തിനടിയിലായതോടെയാണ് പട്ടുകുത്ത് തുരുത്തിലേക്കുള്ള വഴിയടഞ്ഞത്.
30ൽപരം വീടുകളും ഇരുനൂറിലധികം മനുഷ്യരുമാണ് ഈ തുരുത്തിലെ താമസക്കാർ. മഴ ശക്തമാവുകയും കുന്തിപ്പുഴയിൽ വെള്ളം ഉയരുകയും ഏത് നിമിഷവും വെള്ളം കയറി തുരുത്ത് ഗ്രാമം ഒറ്റപ്പെടുകയും വീടുകൾതന്നെ വെള്ളത്തിനടിയിലാവുകയും ചെയ്യും.
തുരുത്ത് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്ന മൂന്ന് വഴികളും പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളിലൂടെയാണുള്ളത്. രണ്ട് പ്രളയത്തിലും ഏറെ ദുരിതം അനുഭവിച്ചവരാണവർ. പ്രളയം വിതച്ച വെള്ളക്കെട്ടിനാൽ ചുറ്റപ്പെട്ട വീടുകൾക്ക് മുകളിൽ അഭയംതേടിയവരെ ദിവസങ്ങൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.
റോഡ് മാർഗം തുരുത്തിലെത്താൻ ഏലംകുളം പഞ്ചായത്ത് ഓഫിസിനു മുന്നിലൂടെ പോകുന്ന ചെറിയ റോഡാണുള്ളത്. കുന്തിപ്പുഴയിൽ വെള്ളം ഉയരുന്നതോടെ തോട്ടിൽനിന്ന് വെള്ളം കയറി പാടത്തിന് നടുവിലൂടെ പോവുന്ന റോഡ് വെള്ളത്തിനടിയിലാവും.
കൂടാതെ, പുളിങ്കാവുമായി ബന്ധിപ്പിക്കുന്ന തോടിന് കുറുകെ കോൺക്രീറ്റ് ചെയ്ത ചെറിയൊരു നടപ്പാലമാണ്. രണ്ട് ദിവസമായി പെയ്ത മഴയിൽ കോൺക്രീറ്റ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഏലംകുളം പഞ്ചായത്തിലെ പ്രദേശമാണെങ്കിലും പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയെയാണ് വിവിധ ആവശ്യങ്ങൾക്കായി ഇവർ കൂടുതൽ ആശ്രയിക്കുന്നത്.
മഴക്ക് മുമ്പേ നാട്ടുകാർ പാലം പുതുക്കിപ്പണിതെങ്കിലും രണ്ട് ദിവസത്തെ കനത്ത മഴയിൽ കട്ടുപ്പാറ തോട്ടുമുഖത്തിനടുത്തുള്ള ഈ പാലവും വെള്ളത്തിനടിയിലാണ്.
രണ്ട് വർഷം മുമ്പ് പാലം നിർമിക്കുന്നതിനായി എം.എൽ.എ ഫണ്ട് വെച്ച് ചെറിയൊരു ശ്രമംനടന്നെങ്കിലും രണ്ട് പ്രളയങ്ങളുടെ വെളിച്ചത്തിൽ ഡിസൈൻ മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് നിബന്ധന വെക്കുകയായിരുന്നു.
ബജറ്റ് സംഖ്യ കൂടിയതോടെ നൂലാമാലകളിൽപെട്ട് പാലവും അപ്രാേച്ച് റോഡും ഇന്ന് വരും നാളെ വരും എന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും കട്ടുപ്പാറ-തുരുത്ത് പാലം പ്രദേശവാസികളുടെ സ്വപ്നം മാത്രമായി തുടരുകയാണ്.