എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം; ജില്ല എട്ടാം സ്ഥാനത്ത്
text_fieldsമലപ്പുറം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ഉദ്യോഗാർഥികൾക്ക് നിയമനം നൽകുന്നതിൽ മലപ്പുറം എട്ടാം സ്ഥാനത്ത്. തൊഴിൽ വകുപ്പ് പുറത്ത് വിട്ട കഴിഞ്ഞ നാല് വർഷത്തെ കണക്ക് പ്രകാരമാണിത്. 2,713 പേർക്കാണ് ജില്ലയിൽ ആകെ നിയമനം നൽകിയത്. 1,79,017 പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തത്.
രജിസ്റ്റർ ചെയ്ത കണക്കിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്തുണ്ട് ജില്ല. മലപ്പുറത്തെക്കാൾ കുറവ് ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത തൃശൂരും പാലക്കാടും കൂടുതൽ പേർക്ക് എംപ്ലോയ്മെന്റ് വഴി നിയമനം നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത പട്ടികയിൽ തൃശൂർ ഏഴാം സ്ഥാനത്തും പാലക്കാട് എട്ടാം സ്ഥാനത്തുമാണ്. സർക്കാർ -പൊതുമേഖല സ്ഥാപനങ്ങളിൽ പി.എസ്.സിയുടെ പരിധിക്ക് പുറത്ത് വരുന്ന നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണ് വ്യവസ്ഥ.
ഇതു വഴി എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത്- 7,697. തിരുവനന്തപുരം-6,333, കോഴിക്കോട്-4,970 ആലപ്പുഴ-4,045, പാലക്കാട്-3,124, തൃശൂർ -3,093, കൊല്ലം -3,003 ജില്ലകളാണ് മലപ്പുറത്തിന് മുന്നിലുള്ളത്. കോട്ടയം -2,885, കണ്ണൂർ -2,569, കാസർകോട് -1,777, പത്തനംതിട്ട -1,591, ഇടുക്കി -1,531, വയനാട് -1,240 ജില്ലകളാണ് മലപ്പുറത്തിന് പിറകിലുള്ളത്. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തത് തിരുവന്തപുരത്താണ്-3,86,549 പേർ. കൊല്ലം-2,69,692, കോഴിക്കോട് -2,41,101, എറണാകുളം -2,23,382, ആലപ്പുഴ -1,92,082, തൃശൂർ- 1,75,925, പാലക്കാട് -1,63,342, കോട്ടയം -1,33,920, കണ്ണൂർ -1,22,046, പത്തനംതിട്ട -87,707, ഇടുക്കി -74,227, കാസർകോട് -63,678, വയനാട് -62,674, എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ എണ്ണം.