കാറ്റിലും മഴയിലും വലഞ്ഞ് കോൾ കർഷകർ
text_fieldsചങ്ങരംകുളം: വേനൽ മഴ ശക്തമായതോടെ നെട്ടോട്ട മോടി കോൾ കർഷകർ. കൊയ്ത്ത് കഴിഞ്ഞ നെല്ല് ഉണക്കാൻ നിർവാഹമില്ലാത്തതും ശേഖരിച്ചുവെക്കാൻ മതിയായ സംവിധാനമില്ലാത്തതുമാണ് പ്രയാസകാരണം. കോൾപാടങ്ങളിൽ നിന്നും നെല്ല് സംഭരണം കൃത്യമായി നടക്കാത്തതും കർഷകരെ വലക്കുന്നു.
മതിയായ സംഭരണശാലകളില്ലാത്തതിനാൽ നൂറുകണക്കിന് ഏക്കറിൽ നിന്ന് കൊയ്തെടുത്ത നെല്ലത്രയും സുരക്ഷിതമായി ശേഖരിച്ചുവെക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. കോൾ മേഖലയിലെ വഴിയോരങ്ങളിലും വീടുകൾക്ക് മുന്നിലും പറമ്പുകളിലും ടാർപോളിങ് ഷീറ്റിട്ട് മൂടിയാണ് കൊയ്ത നെല്ല് ഇപ്പോൾ കാത്തുവെക്കുന്നത്.
ആവശ്യമായ ഏറെ ചാക്കുകളും വാടകകൊടുത്ത് വാങ്ങുന്ന ഷീറ്റുകളും ദിവസം കൂടും തോറും ചെലവ് കൂട്ടുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ ടാർപോളിൻ ഷീറ്റിട്ട് മൂടിയിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. ശക്തമായ മഴയിൽ അടിയിൽ വെള്ളമിറങ്ങി നെല്ലു നനയുന്നത് പതിവാണ്.
കൂടാതെ ക്ഷുദ്രജീവികളുടെ ശല്യവും കർഷകരെ വിഷമിപ്പിക്കുന്നു. പുറമെ നെല്ല് സംഭരണ സമയത്ത് നെല്ല് തൂക്കി എടുക്കുന്ന സമയത്ത് ഉണക്കം പോരാ എന്ന പേരിൽ വലിയ തൂക്ക കിഴിവാണ് നടത്തുന്നത്. ഇത് കർഷകർക്ക് വലിയ തുക നഷ്ടമാകുന്നു. എപ്പോഴും മൂടി കെട്ടിയ അന്തരീക്ഷത്തിൽ ഏറെ കൂലിച്ചിലവ് കൊടുത്ത് കൊയ്തെടുത്ത നെല്ല് വീണ്ടും പണം ചെലവാക്കി ഉണക്കിയെടുക്കാൻ വയ്യാത്ത അവസ്ഥയിലാണ് കോൾകർഷകർ.
പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിൽ വിളവിറക്കിയവരും പണയപ്പെടുത്തിയും ലോണെടുത്തും കൃഷി ചെയ്ത് കുടുംബം പുലർത്താൻ ക്ലേശിക്കുന്ന കർഷകന് ദുരിതം മാത്രമാണ് വിളയുന്നത്. നിലക്കാതെ പെയ്യുന്ന മഴയിൽ ഉണക്കിയെടുക്കാനാകാത്ത നെല്ലും നഷ്ടത്തിൽ കൊടുക്കേണ്ട അവസ്ഥയിലാണ് കർഷകൻ.