ജില്ലയിൽ 2,324 പേർക്ക് പകർച്ചപ്പനി; ഡെങ്കി കേസുകളിലും വർധന
text_fieldsമലപ്പുറം: ശക്തമായ മഴക്കിടയിൽ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 22ന് മാത്രം 2,324 പേരാണ് സർക്കാർ ആശുപത്രി ഒ.പികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവരുടെ എണ്ണം ഇതിനുപുറമേ വരും. സംസ്ഥാനത്ത് എറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജില്ലയിലാണ്.
അതേസമയം, ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധനയില്ല. ഡെങ്കിപ്പനി കേസുകളിലും ജില്ലയിൽ ചെറിയ വർധനയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം ഡെങ്കിയെന്ന് സംശയിക്കുന്ന 22 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് മഞ്ഞപ്പിത്ത കേസുകളും ജില്ലയിലുണ്ട്. അരീക്കോട് മേഖലയിലാണ് ഡെങ്കികേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇടവിട്ടുള്ള മഴയും വെയിലും കാരണം ഈഡിസ് കൊതുകുകൾ പെറ്റുപെരുകുന്നതാണ് ഡെങ്കി പടർന്നുപിടിക്കാൻ കാരണം.