തീപിടിത്തത്തിലും രക്ഷാകവചങ്ങൾ അകലെ; നഗരത്തില്‍ അഗ്നിരക്ഷ നിലയം വേണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് സര്‍ക്കാര്‍
text_fieldsമലപ്പുറത്തുനിന്നെത്തിയ അഗ്നിരക്ഷ സേനാംഗങ്ങള്‍ സ്വകാര്യ ബസില്‍ പടര്‍ന്ന തീയണക്കുന്നു
കൊണ്ടോട്ടി: കെട്ടിടങ്ങളായാലും വാഹനങ്ങളായാലും കത്തിയമരുമ്പോള്‍ അഗ്നിരക്ഷ സേനയെത്താന്‍ കാഴ്ചക്കാരായി കാത്തിരിക്കേണ്ട കൊണ്ടോട്ടിക്കാരുടെ ഗതികേടിന് അറുതിയില്ല. ഓരോ തവണ തീപിടിത്തങ്ങളുണ്ടാകുമ്പോളും അതിന്റെ ആദ്യഘട്ടത്തിലുള്ള രക്ഷാ പ്രവര്‍ത്തനം അസാധ്യമാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും.
മണിക്കൂറുകള്‍ കാത്തിരിക്കണം കിലോമീറ്ററുകള്‍ അകലെയുളള സ്ഥലങ്ങളില്‍ നിന്ന് അഗ്നിരക്ഷ സേനയുടെ യൂനിറ്റുകളെത്താന്‍. ഇത് മിക്ക സമയങ്ങളിലും ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഞായറാഴ്ച കുളത്തൂര്‍ വിമാനത്താവള ജങ്ഷനടുത്ത് സ്വകാര്യ ബസിന് തീപിടിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അപകടമുണ്ടായി ബസ് പൂർണമായും കത്തിയ ശേഷമാണ് മലപ്പുറത്തുനിന്ന് അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റുകള്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മാതൃനഗരമെന്നതിലുപരി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നും വ്യാപാര കേന്ദ്രവുമായ കൊണ്ടോട്ടി കേന്ദ്രീകരിച്ച് അഗ്നിരക്ഷ നിലയം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മണ്ഡലം കേന്ദ്രീകരിച്ച് നിലയമനുവദിക്കാന് ഇതുവരെ നടപടിയായിട്ടില്ല.
ഞായറാഴ്ച ദേശീയപാതയില്‍ സ്വകാര്യ ബസിന് തീപിടിച്ചപ്പോള്‍ അഗ്നിരക്ഷ സേനാംഗങ്ങള്‍ എത്തിയത് മലപ്പുറത്തുനിന്നായിരുന്നു. സമാന രീതിയില്‍ അല്പം മാറി നീറ്റാണിമ്മലില്‍ 2022 ജനുവരി 21ന് സ്വകാര്യ ബസിന് തീപിടിച്ചപ്പോള്‍ മീഞ്ചന്തയില്‍ നിന്നാണ് സേന യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. അന്നും ബസ് പൂർണമായും അഗ്നിക്കിരയായ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം.
കൊണ്ടോട്ടി കേന്ദ്രീകരിച്ച് അഗ്നിരക്ഷ നിലയം വേണമെന്ന ജനകീയ ആവശ്യം നിരവധി തവണ സര്‍ക്കാറിന്റെ മുന്നിലെത്തിയതാണ്. ഏറ്റവും ഒടുവില്‍ സര്‍ക്കാറിന് കത്ത് നല്കിയപ്പോഴും സ്ഥലം ലഭ്യമാക്കിയാല്‍ നിലയം അനുവദിക്കുന്നത് പരിഗണിക്കാമന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. ഇതേത്തുടര്‍ന്ന് കൊണ്ടോട്ടി നഗരസഭ സ്ഥലം ലഭ്യമാക്കാന്‍ സന്നദ്ധതയറിയിച്ച് രേഖാമൂലം വിവരം നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. കോഴിക്കോട് -പാലക്കാട് ദേശീയ പാതയിലെ ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ചാണ് നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്.
നിയമാനുസൃതമായ അകലം പോലും പാലിക്കാതെയുള്ള കെട്ടിടങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ അഗ്നിബാധകള്‍ പോലും വലിയ ദുരന്തങ്ങള്‍ക്ക് വഴി തുറക്കാനുള്ള സാധ്യതയേറെയാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോളും കൊണ്ടോട്ടിയില്‍ അഗ്നിരക്ഷ നിലയം അനുവദിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയില്‍ പ്രതിഷേധം ശക്തമാകുകയാണിപ്പോള്‍.
അഗ്നിരക്ഷ നിലയം വൈകിക്കുന്നത് സര്‍ക്കാറിന്റെ ഗുരുതര അനാസ്ഥ -ടി.വി. ഇബ്രാഹിം എം.എല്‍.എ
കൊണ്ടോട്ടി: അഗ്നിബാധകളും മറ്റ് ദുരന്തങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് അനിവാര്യമായ അഗ്നിരക്ഷ നിലയം കൊണ്ടോട്ടിയില്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. നിലയത്തിനായി നിരന്തരം ആവശ്യമുന്നയിച്ചിട്ടും യാതൊരു പരിഗണനയുമുണ്ടായിട്ടില്ല. മണ്ഡലത്തില്‍ നിലയം അനുവദിക്കണമെന്ന് നിയമസഭയിലും വകുപ്പ് മന്ത്രിക്കു നല്കിയ കത്തുകള്‍ മുഖേനയും നിരവധി തവണ ആവശ്യപ്പെട്ടതാണ്.
സ്ഥലവും കെട്ടിടവും അനുവദിക്കുകയാണെങ്കില്‍ സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കാമെന്നു നേരത്തെ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. കൊണ്ടോട്ടി ചിറയിലിലും ചീക്കോട് പഞ്ചായത്തിലെ കൊളമ്പലത്തും നിലയമൊരുക്കാന് സ്ഥലം കണ്ടെത്തി വിവരം സര്‍ക്കാറിനെ ധരിപ്പിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നുമില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി. പുതിയ നിലയം അനുവദിച്ചാല്‍ തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരുമെന്നതാണ് സര്‍ക്കാറിനെ പിറകോട്ടടിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇതിന് ബന്ധപ്പെട്ടവര്‍ തയാറാകാത്തതാണ് കൊണ്ടോട്ടിയുടെ കാലങ്ങളായുള്ള ആവശ്യം ഒരുറപ്പുമില്ലാതെ നീളാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.


