ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന; കൂടുതൽ പിഴ കിട്ടിയത് മലപ്പുറത്തിന്
text_fieldsമലപ്പുറം: ഭക്ഷ്യസുരക്ഷ വകുപ്പ് കഴിഞ്ഞവർഷം നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് മലപ്പുറത്തുനിന്ന്. വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. ജില്ലയിൽ നടന്ന 1,963 പരിശോധനകളിലായി 61.06 ലക്ഷം രൂപയാണ് 2024ൽ പിഴയായി ഈടാക്കിയത്.
2025 ജനുവരിയിൽ മാത്രം 2.91 ലക്ഷം രൂപയും ജില്ലയിൽനിന്ന് പിഴ ചുമത്തിയിട്ടുണ്ട്. പട്ടികയിൽ തിരുവനന്തപുരമാണ് രണ്ടാമത്. 3,312 പരിശോധനകളിലായി 44.42 ലക്ഷം രൂപ പിഴ ഈടാക്കി. മൂന്നാമതുള്ള എറണാകുളത്ത് 44.20 ലക്ഷവും നാലമതുള്ള 34.89 ലക്ഷവും പിഴ ലഭിച്ചു. കൊല്ലത്ത് 28.95 ലക്ഷം, കണ്ണൂർ 22.53 ലക്ഷം, കോട്ടയം 21.45 ലക്ഷം, തൃശൂർ 21.04 ലക്ഷം, ആലപ്പുഴ 20.96 ലക്ഷം, പത്തനംതിട്ട 17.55 ലക്ഷം, പാലക്കാട് 14.04 ലക്ഷം, ഇടുക്കി 9.66 ലക്ഷം, വയനാട് 8.68 ലക്ഷം, കാസർകോട് 6.15 ലക്ഷവും പിഴയിട്ടു. സംസ്ഥാനത്ത് ആകെ 3.55 കോടിയാണ് പിഴ ലഭിച്ചത്.
കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ പരിശോധന നടന്ന പട്ടികയിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളാണ് മുന്നിലുള്ളത്. കാസർകോടാണ് കുറവ് പരിശോധന നടന്നത്. 2025 ജനുവരിയിൽ സംസ്ഥാനത്ത് മാത്രം ആകെ 6,600 പരിശോധനകളിലായി 22.88 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.
ഇതിൽ മലപ്പുറത്തിന്റെ സ്ഥാനം മൂന്നാമതാണ്. എറണാകുളം (3.35 ലക്ഷം), കോട്ടയം (3.22 ലക്ഷം) ജില്ലകളാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. തിരുവനന്തപുരം (2.89 ലക്ഷം)മാണ് നാലാമത്. ആലപ്പുഴ ജില്ലയാണ് ഏറ്റവും പിറകിൽ. 16,000 രൂപ മാത്രമാണ് ജനുവരിയിൽ പിഴയായി കിട്ടിയത്.