പൊന്നാനിയിൽ ടാങ്കർ ലോറിക്ക് പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഇന്ധന ചോർച്ച
text_fieldsപൊന്നാനി: കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ നിർത്തിയിട്ട ടാങ്കർ ലോറിക്കു പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് 4500 ലിറ്റർ ഡീസൽ ചോർന്നു. ശനിയാഴ്ച പുലർച്ചെ ഒന്നോടെ പൊന്നാനി ചമ്രവട്ടം ജങ്ഷനിലാണ് സംഭവം. മഴ വെള്ളത്തിനൊപ്പം ഡീസൽ കാന വഴി കായലിലേക്ക് ഒഴുകി.
ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും ഇടപെട്ട് മണിക്കൂറുകൾ നീണ്ട സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചു. ജങ്ഷനിലെ അഴുക്കുചാൽ വഴി ഡീസൽ കായലിലേക്ക് ഒഴുകിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ശക്തമായ മഴയുള്ള സമയമായതിനാൽ അതിവേഗം ഡീസൽ മഴവെള്ളത്തിനൊപ്പം ഒഴുകുകയായിരുന്നു. ഈ സമയം സമീപത്തെ വീട്ടുകാർക്ക് ജാഗ്രത നിർദേശം നൽകിയിരുന്നതായി പൊന്നാനി എസ്.ഐ എ.എം. യാസിർ പറഞ്ഞു. എറണാകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്നറാണ് ആറുവരിപ്പാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കറിനു പിറകിൽ വന്നിടിക്കുന്നത്.
ടാങ്കറിൽ 9,000 ലിറ്റർ വീതം ഡീസലും പെട്രോളുമുണ്ടായിരുന്നു. ടാങ്കറിലെ നാല് അറകളിലായുള്ള ഡീസലിൽ ഒരു അറയിലെ ഡീസലാണ് പൂർണമായി പുറത്തേക്ക് ഒഴുകിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം തന്നെ റോഡിന്റെ ഇരുവശങ്ങളും ബ്ലോക്ക് ചെയ്തു. സമീപം നിർത്തിയിട്ട മറ്റ് വാഹനങ്ങളും അതിവേഗം മാറ്റി പൊന്നാനി ഫയർ സ്റ്റേഷൻ ഓഫിസർ പി. സുനിലിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.