ഫയലിങ് ഷീറ്റ് കൊള്ളക്ക് സർക്കാർ കൂട്ട്
text_fieldsമലപ്പുറം: സബ് രജിസ്ട്രാർ ഓഫിസുകളിൽ വൻതോതിൽ പണപ്പിരിവ് നടക്കുന്നതായി ബോധ്യപ്പെട്ടിട്ടും അഴിമതിക്ക് കൂച്ചുവിലങ്ങിടാതെ സർക്കാർ. വിജിലൻസ് റെയ്ഡിൽ രജിസ്ട്രേഷൻ ഓഫിസുകളിൽനിന്നും വൻതോതിൽ പണം പിടികൂടിയിട്ടും ആധാരമെഴുത്തുകാരും ഉദ്യോഗസ്ഥരും ചേർന്നുള്ള തേർവാഴ്ചക്ക് തടയിടാൻ സർക്കാർ തയാറാകുന്നില്ല.
അഴിമതിക്ക് പഴുതൊരുക്കുന്ന ഫയലിങ് ഷീറ്റ് സംവിധാനം ഒഴിവാക്കുന്ന വിഷയത്തിൽ നിലവിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നാണ് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ വെള്ളിയാഴ്ച നിയമസഭയിൽ അഡ്വ. യു.എ. ലത്തീഫിന്റെ ചോദ്യത്തിന് നൽകിയ മറുപടി. കക്ഷികൾക്ക് സ്വയം ആധാരം തയാറാക്കി രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറാണ് അപ്രസക്തമായ ഫയലിങ് ഷീറ്റ് സമ്പ്രദായത്തിലൂടെ പണപ്പിരിവിന് കൂട്ടുനിൽക്കുന്നത്. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സമർപ്പിക്കപ്പെടുന്ന ഫയലിങ് ഷീറ്റ് ഒരാവശ്യത്തിനും ഉപയോഗിക്കുന്നില്ല.
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഒറിജിനൽ ആധാരം സ്കാൻ ചെയ്ത് സർവറിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. പിന്നീട് എപ്പോൾ വേണമെങ്കിലും ഓൺലൈനായി അപേക്ഷിച്ചാൽ ഡിജിറ്റൽ സിഗ്നേച്ചറോടെ ഒറിജിനൽ ആധാരത്തിന്റെ കോപ്പി ലഭിക്കും. ഫയലിങ് ഷീറ്റിന്റെ ആവശ്യം എവിടെയും വരുന്നില്ല. എന്നിട്ടും ശരിപ്പകർപ്പ് ഇലക്ട്രോണിക് രൂപത്തിൽ സ്വീകരിക്കുന്ന വിഷയത്തിൽ സർക്കാർ തീരുമാനം വെച്ചുതാമസിപ്പിക്കുകയാണ്.
ഫയലിങ് ഷീറ്റ് ഒഴിവാക്കിയാൽ ലൈസൻസ്ഡ് എഴുത്തുകാരുടെ ജോലി നഷ്ടമാകും എന്ന കാരണം പറഞ്ഞാണ് സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നത്. ഏതാണ്ടെല്ലാ ഓഫിസുകളും ഇടനിലക്കാരായ ആധാരമെഴുത്തുകാരുടെ സമ്പൂർണ നിയന്ത്രണത്തിലാണ്. ആധാരമെഴുത്തു സംഘടനകളുടെ സമ്മർദം മൂലം പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്ന പദ്ധതികളെല്ലാം സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ആധാരം കമ്പ്യൂട്ടർ മുഖേന തയാറാക്കുന്നതിനുള്ള ടെംേപ്ലറ്റ് അധിഷ്ഠിത രജിസ്ട്രേഷൻ പദ്ധതിക്ക് മീതെ അധികൃതർ വർഷങ്ങളായി അടയിരിക്കുകയാണ്.
2022ൽ ധനനിശ്ചയാധാരങ്ങൾക്കും മറ്റു 18 തരം ആധാരങ്ങൾക്കും ഫോം രൂപത്തിലുള്ള ആധാര മാതൃക അംഗീകരിച്ച് സർക്കാർ ഉത്തരവായിരുന്നു. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ സബ് രജിസ്ട്രാർ ഓഫിസുകളിൽപോലും ടെംേപ്ലറ്റ് അധിഷ്ഠിത രജിസ്ട്രേഷൻ നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. ‘എന്റെ ഭൂമി’ പോർട്ടലിലെ വിവരങ്ങൾ കുറ്റമറ്റതായിട്ടും ടെംേപ്ലറ്റ് അധിഷ്ഠിത രജിസ്ട്രേഷന് വിശദ പഠനവും വിവിധ തലത്തിലുള്ള പരിശോധനയും വേണമെന്ന വാദമാണ് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ ആവർത്തിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആളുകൾക്ക് ആധാരം തിരിച്ച് ലഭിക്കാനുള്ള സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല.


