ഗവ. രാജാസ് സ്കൂൾ ഭൂമി; നിയമ നടപടിയിലേക്ക് ജില്ല ഭരണകൂടവും
text_fieldsകോട്ടക്കൽ: സർക്കാർ അധീനതയിലുള്ള കോട്ടക്കലിലെ രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകണമെന്ന കോടതി വിധി പശ്ചാത്തലത്തിൽ നിയമനടപടികളിലേക്ക് ജില്ല ഭരണകൂടവും. കേസിൽ ഒന്നാം കക്ഷി ജില്ല കലക്ടറായതിനാൽ തുടർനടപടികൾ കലക്ടറുടെ മേൽനോട്ടത്തിലാണ് നടക്കുക.
വിധി വന്നതിന് പിന്നാലെ സ്വകാര്യ വ്യക്തിക്കനുകൂലമായി ഭൂമി അളക്കാൻ സർവേയർ എത്തിയിരുന്നു. എന്നാൽ, പത്താംതരം പരീക്ഷ ആരംഭിക്കുന്നതിനാലും വിഷയം കുട്ടികളുടെ മനോവീര്യം തകർക്കുമെന്നുമുള്ള വിലയിരുത്തലിൽ രണ്ടാം കക്ഷിയായ പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, പി.ടി.എ ഭാരവാഹികൾ എന്നിവർ ജില്ല കലക്ടർക്കും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിവേദനം നൽകി. തുടർന്ന് സർവേ നടപടി തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.
വിധിക്കെതിരെ ഹൈകോടതിയിൽ കക്ഷിചേരുന്നതടക്കമുള്ള നടപടികളാണ് കഴിഞ്ഞ ദിവസം ചേർന്ന പി.ടി.എ യോഗം സ്വീകരിച്ചത്. നിലവിലെ 12.75 സ്കൂൾ ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്നും മറ്റു വ്യക്തികളുടെ ഭൂമിക്കായി അവകാശം ഉന്നയിക്കേണ്ടതില്ലെന്നുമാണ് യോഗം അംഗീകരിച്ചത്. നിയമനടപടികൾക്കായി നാലംഗ സമിതിയേയും യോഗം ചുമതലപ്പെടുത്തി. 2006ൽ സ്കൂളിന്റെ ചുറ്റുമതിൽ കെട്ടുന്നതിനിടെയാണ് തന്റെ ഭൂമിയും നഷ്ടപ്പെടുമെന്ന പരാതിയുമായി സ്വകാര്യ വ്യക്തി രംഗത്ത് വരുന്നത്.
2023 ഫെബ്രുവരി 28ന് സ്വകാര്യ വ്യക്തിക്ക് അനുകൂലമായി കോടതി വിധിയും വന്നു. വിധി പ്രകാരം മൈതാനത്തിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ ഞാറമരങ്ങൾ ഉൾപ്പെടുന്ന ഭാഗം മുതൽ അധ്യാപകഭവന് മുന്നിൽ നിന്നും മൈതാനത്തേക്ക് ഇറങ്ങുന്ന ഭാഗം മുഴുവൻ പൂർണമായും പരാതിക്കാരന് ലഭിക്കുന്ന സ്ഥിതിയാണ്. വിദ്യാർഥികളടക്കമുള്ളവർക്ക് ഗൃഹാതുരത്വം നൽകുന്ന ഞാറമരങ്ങൾ ഉൾപ്പെടുന്ന ഒരു ഏക്കറോളമുള്ള ഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതിക്കാരന് അനുകൂലമായി വന്ന വിധിയുടെ പകർപ്പ് ഒന്നും രണ്ടും കക്ഷികളായ ജില്ല കലക്ടർക്കും പ്രിൻസിപ്പലിനും രേഖാമൂലം ലഭിച്ചിരുന്നില്ല.
ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന് എതിരെ നടപടി വേണം -സി.പി.എം
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമി കൈവശപ്പെടുത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ നിയമപരമായും ഭരണപരമായും കോട്ടക്കൽ നഗരസഭ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കോട്ടക്കൽ സൗത്ത് ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭക്കകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമിയുടെയും കെട്ടിടങ്ങളുടേയും ഉടമസ്ഥാവകാശം നഗരസഭക്കാണ്. കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭൂമി സംരക്ഷിക്കാൻ ജാഗ്രത നടപടി കൈക്കൊള്ളമെന്നും സി.പി.എം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസ്, കെ.പി. അനിൽ, കെ.യു. ഇഖ്ബാൽ, എൻ. പുഷ്പരാജൻ, ടി. കബീർ, ടി.പി. ഷമീം, ഇ.ആർ. രാജേഷ് എന്നിവർ സംബന്ധിച്ചു.