പകുതിവില തട്ടിപ്പിൽ ‘കുടുങ്ങി’ കുടുംബശ്രീയും
text_fieldsമലപ്പുറം: സി.എസ്.ആർ ഫണ്ടിന്റെ പേരിൽ ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്ത് നിരവധിപേരെ വഞ്ചിച്ച പകുതിവില തട്ടിപ്പ് പദ്ധതിയിൽപെട്ട് കുടുംബശ്രീയും. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പകുതിവില തട്ടിപ്പ് പദ്ധതിയെ ‘ഔദ്യോഗിക’മായി പരിചയപ്പെടുത്തിയാണ് കുടുംബശ്രീ വെട്ടിലായത്. 2024 മാർച്ച് 31ന് കുടുംബശ്രീ മലപ്പുറം ജില്ല മിഷൻ ഓഫിസിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ പകുതിവില ഓഫറിനെക്കുറിച്ച് പരിചയപ്പെടുത്തി സി.ഡി.എസ് ചെയർപേഴ്സന്മാർക്ക് കത്തയച്ചിരുന്നു.
ഈ കത്താണ് ഇപ്പോൾ വിവാദത്തിലായത്. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്ത സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡിയിൽ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂട്ടർ ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ നൽകുന്നുണ്ടെന്നും അവസരം ഉപയോഗപ്പെടുത്താമെന്നുമാണ് കുടുംബശ്രീ ജില്ല കോഓഡിനേറ്ററുടെ ഓഫിസിൽനിന്നയച്ച കത്തിൽ പറയുന്നത്.
കുടുംബശ്രീ സംരംഭങ്ങൾക്ക് ആവശ്യമായ ടൈലറിങ് മെഷീൻ, വിദ്യാർഥികൾക്ക് ലാപ്ടോപ്, സ്കൂട്ടർ എന്നിവ ഇത്തരത്തിൽ നിലമ്പൂർ ആസ്ഥാനമായ ജെ.എസ്.എസ് എന്ന എൻ.ജി.ഒ വഴി ബന്ധപ്പെട്ട് ലഭ്യമാക്കിനൽകാമെന്നും പറയുന്നുണ്ട്.
ഓരോ ഉൽപന്നത്തിന്റെയും പൂർണ വിവരങ്ങളും ലഭിക്കാനാവശ്യമായ യോഗ്യതകളും വ്യക്തമാക്കിയിരുന്നു. 50 ശതമാനം തുക മുൻകൂർ നൽകേണ്ടതിനാൽ സാമ്പത്തിക ഉത്തരവാദിത്തം ഉപഭോക്താക്കളെ പറഞ്ഞ് മനസ്സിലാക്കണമെന്നും കത്തിലുണ്ട്. പദ്ധതി ജില്ല മിഷൻ നേരിട്ട് നടത്തുന്നതല്ലെന്നും ബന്ധപ്പെട്ട പണമിടപാടുകളും മറ്റു പരാതികളും ജില്ല മിഷൻ സ്വീകരിക്കുന്നതല്ലെന്ന മുന്നറിയിപ്പും ഒപ്പം നൽകിയിരുന്നു.
അതേസമയം, വനിതകൾക്ക് ഉപകാരപ്പെടുമെന്ന് കരുതിയ പദ്ധതി ശ്രദ്ധയിൽപെട്ടപ്പോൾ സൂചന നൽകുക മാത്രമാണ് ചെയ്തതെന്നും ഇതൊരു കുടുംബശ്രീ പദ്ധതിയല്ലെന്ന മുന്നറിയിപ്പ് നൽകിയിരുന്നതായും ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയമായതിനാൽ കത്ത് ഉടൻ പിൻവലിച്ചിരുന്നതായും തട്ടിപ്പിൽ കുടുംബശ്രീക്കാർ ആരും അകപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.