മഴ തുടരുന്നു....
text_fieldsപൊന്നാനി: കാല വർഷം കനത്തതോടെ വെള്ളത്തിൽ മുങ്ങി പൊന്നാനി. പൊന്നാനി നഗരസഭയുടെ എല്ലാ മേഖലകളും വെള്ളത്തിനടിയിലായി. പൊന്നാനി വിജയമാത ഹൗസിങ് കോളനി, കുട്ടാട്, ചമ്രവട്ടം ജങ്ഷൻ, അഴീക്കൽ മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. ഇതിൽ പത്തോളം കുടുംബങ്ങൾ വീട് വിട്ടൊഴിഞ്ഞു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ കാനകൾ യഥാസമയം ശുചീകരിക്കാതിരുന്നതും, മഴക്കാല പൂർവ ശുചീകരണം നടക്കാതിരുന്നതുമാണ് വെള്ളക്കെട്ട് ദുരിതം വർധിക്കാനിടയായത്. പലയിടത്തും സ്വകാര്യ വ്യക്തികൾ വെള്ളം ഒഴുകിപ്പോകുന്ന വഴികൾ മതിൽ കെട്ടിയടച്ചതും കലുങ്കുകൾ നിർമ്മിക്കാത്തതും ദുരിതം വർധിപ്പിച്ചു.
ചമ്രവട്ടം ജങ്ഷന്, ചന്തപ്പടി, കുറ്റിക്കാട്, ഹൗസിങ് കോളനി, കുട്ടാട്, തീരദേശ മേഖല തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തൃക്കാവ് പ്രദേശവും ശക്തമായ മഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്തതാണ് ഈ പ്രദേശങ്ങളിലെല്ലാം വെള്ളത്തിലാവാന്‍ പ്രധാന കാരണമായത്.
നിരവധിയിടങ്ങളില്‍ വെള്ളം കയറി. തീരദേശമേഖലയിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പൊന്നാനി 42ാം വാർഡിലെ അംഗൻവാടി പരിസരവും, ഈശ്വമംഗലം ശ്മശാനത്തിന് സമീപത്തെ അംഗൻവാടി പരിസരവും വെള്ളത്തിൽ മുങ്ങി. മുട്ടോളം വെള്ളമാണ് ഈ ഭാഗങ്ങളിൽ വീടുകൾക്ക് ചുറ്റുമുള്ളത്. വെള്ളം ഒഴുകിപ്പോകാനാവാതെ കെട്ടി നിൽക്കുന്നതാണ് വെള്ളക്കെട്ട് രൂക്ഷത വർധിക്കാൻ കാരണം. 42ാം വാർഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നഗരസഭ അധികൃതർക്ക് പരാതി നൽകി