സർക്കാർ ജീവനക്കാർക്കെതിരായ അഴിമതിക്കേസുകളുടെ പട്ടികയിൽ മലപ്പുറം എട്ടാമത്
text_fieldsമലപ്പുറം: സംസ്ഥാനത്ത് നാല് വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരായ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ മലപ്പുറം എട്ടാം സ്ഥാനത്ത്. ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ആകെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കണ്ണൂരും ഇതേ സ്ഥാനത്താണ്. മലപ്പുറത്ത് തദ്ദേശ വകുപ്പിലാണ് കൂടുതൽ കേസുകളുള്ളത്. ഒമ്പത് കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടാമതുള്ള പൊതുമരാമത്ത്-സഹകരണ വകുപ്പുകളിൽ രണ്ട് വീതം കേസുകളുണ്ട്. റവന്യു, ക്ഷീരം, വിദ്യാഭ്യാസം, സിഡ്കോ, സി.ഐ.എസ്.എഫ്, ആയുഷ്, ഗതാഗതം, പൊലീസ് എന്നിവിടങ്ങളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യം, ജല വകുപ്പ്, രജിസ്ട്രേഷൻ എന്നിവയിൽ കേസുകളുടെ എണ്ണം പൂജ്യമാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്തിന് മികച്ച നേട്ടമാണ്. പട്ടികയിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. 72 കേസുകളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. തദ്ദേശ വകുപ്പിൽ തന്നെയാണ് തിരുവനന്തപുരത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്, 17 കേസുകൾ. പട്ടികയിൽ രണ്ടാമത് കോഴിക്കോടും മൂന്നാമത് എറണാകുളവുമാണ്. കോഴിക്കോട് 56ഉം എറണാകുളത്ത് 44ഉം കേസുകളുണ്ട്. തൃശൂർ 36, ഇടുക്കി 35, കൊല്ലം 25, കോട്ടയം 23, വയനാട് 15, ആലപ്പുഴ 13, പത്തനംതിട്ട 13, പാലക്കാട് 13, കാസർകോട് ആറ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശ വകുപ്പിലെ ജീവനക്കാർക്കെതിരെയാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത പട്ടികയിലുള്ളത്. തദ്ദേശ വകുപ്പിൽ ആകെ 89 കേസുകളുണ്ട്. ഇതിൽ നാലാം സ്ഥാനത്താണ് മലപ്പുറം. ഇതിൽ തിരുവനന്തപുരം ഒന്നാമതും എറണാകുളം രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. ആലപ്പുഴയാണ് പട്ടികയിൽ ഏറ്റവും പിറകിൽ.
തദ്ദേശ വകുപ്പിൽ ആലപ്പുഴയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. റവന്യു വകുപ്പ് ജീവനക്കാർക്കെതിരെ ആകെ 51 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പട്ടികയിൽ ആറാം സ്ഥാനത്താണ് മലപ്പുറം. ഇതിൽ കോഴിക്കോട് ഒന്നും തൃശൂർ രണ്ടും തിരുവനന്തപുരം മൂന്നാം സ്ഥാനങ്ങളിലുണ്ട്. കേസുകളില്ലാത്ത കാസർകോട്, ആലപ്പുഴ, കോട്ടയം ജില്ലകളാണ് പട്ടികയിൽ ഏറ്റവും പിറകിൽ.