കരിമ്പുഴ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിൽ മലയോരവാസികൾക്ക് ആശങ്ക
text_fieldsകരിമ്പുഴ വന്യജീവിസങ്കേതം വനമേഖല
നിലമ്പൂർ: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ കരിമ്പുഴ വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത് മലയോരവാസികളിൽ ആശങ്ക പടർത്തി.
വന്യജീവി സങ്കേതത്തിന് പടിഞ്ഞാറ് 3.2 കിലോമീറ്റർ, വടക്കുപടിഞ്ഞാറ് രണ്ടു കിലോമീറ്റർ, തെക്കുപടിഞ്ഞാറും വടക്കും രണ്ടു കിലോമീറ്റർ വീതവും ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയായി വരും. വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം വില്ലേജുകൾ ഉൾപ്പെടുന്നതാണ് കോർ ഏരിയകൾ. രണ്ടു വർഷത്തിനകം വിജ്ഞാപനം ഇറക്കാനാണ് തീരുമാനം.
മേഖലയുടെ അന്തിമ മാസ്റ്റർ പ്ലാൻ തയാറാക്കേണ്ട ചുമതല സംസ്ഥാന സർക്കാറിനാണ്. വിജ്ഞാപനത്തിലുള്ള കരടിനെക്കുറിച്ച് 60 ദിവസത്തിനകം ഇ-മെയിൽ വഴി (esz-mef@nic.in) അഭിപ്രായം അറിയിക്കാം.
വന്യജീവിസങ്കേതം പ്രത്യേക റേഞ്ചാക്കി മാറ്റുന്നതിലൂടെ നിയന്ത്രണങ്ങൾ കടുക്കുമെന്നതാണ് പ്രദേശവാസികൾക്കിടയിലെ ആശങ്ക. പരിസ്ഥിതിലോല മേഖലയിൽ 88.5 ഹെക്ടർ സ്വകാര്യ ഭൂമി ഉൾപ്പെടുമെന്നാണ് പ്രാഥമിക വിവരം. പൂക്കോട്ടുംപാടം ടി.കെ നഗറിലെ രണ്ടു ബീറ്റുകളിലെ 33.5 ഹെക്ടറും 55 ഹെക്ടറുമാണ് മേഖലയിൽ ഉൾപ്പെടുന്ന സ്വകാര്യ ഭൂമി. ഇതിൽ കൂടുതലും തോട്ടം ഭൂമിയാണ്. ഇതിനു പുറമെ പുഞ്ചക്കൊല്ലി, മാഞ്ചീരി ആദിവാസി നഗറുകളും ഉൾപ്പെടും.
അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ ഇവിടങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് അനുമതി നിഷേധിക്കപ്പെടുമെന്നും കുടിയിറക്ക് ഭീഷണിയുണ്ടാവുമെന്നുമാണ് ആശങ്ക. അതിനാൽ ജനങ്ങളുടെ എതിർപ്പ് രൂക്ഷമാകാനിടയുണ്ട്. പ്രഖ്യാപനം നടന്ന് മൂന്നര വർഷത്തോളമായിട്ടും കരിമ്പുഴ വന്യജീവിസങ്കേതം പേരിൽ ഒതുങ്ങിക്കിടക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് കഴിഞ്ഞ ദിവസം 44.24 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത്. 2020 ജൂലൈ മൂന്നിനാണ് വന്യജീവി സങ്കേതം നാടിന് സമർപ്പിച്ചത്.
ജൈവവൈവിധ്യത്തിനു പുറമെ സാംസ്കാരികപരമായും പ്രാധാന്യമർഹിക്കുന്ന സംരക്ഷിത മേഖലയാണ് കരിമ്പുഴ വന്യജീവിസങ്കേതം. 227.97 ചതുരശ്ര കിലോമീറ്റർ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചെങ്കിലും 204 ചതുരശ്ര കിലോമീറ്ററാണ് നിലവിലുള്ളത്. ഇതിൽ 155 ചതുരശ്ര കിലോമീറ്റർ കോർ ഏരിയയും 50 ചതുരശ്ര കിലോമീറ്റർ ബഫർസോണുമാണ്.
ആശങ്കക്ക് അടിസ്ഥാനമില്ല -വൈൽഡ് ലൈഫ് വാർഡൻ
കരിമ്പുഴ വന്യജീവിസങ്കേതത്തിന്റെ 44.24 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിൽ കുടുംബങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കരിമ്പുഴ വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഒഴിവാക്കിയുള്ള രൂപരേഖയാണ് സംസ്ഥാന സര്‍ക്കാറിലേക്ക് വനംവകുപ്പ് സമര്‍പ്പിച്ചിട്ടുള്ളത്. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയാവും പദ്ധതി നടത്തിപ്പ്.
ജനവാസകേന്ദ്രത്തിൽനിന്ന് 19 കിലോമീറ്ററിലധികം ഉൾവനത്തിലാണ് പരിസ്ഥിതിലോല മേഖല വരുന്നത്. സ്വകാര്യ മേഖലയിൽ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണമുണ്ടാവില്ല. വന്യജീവികൾ ജനവാസകേന്ദ്രത്തിലേക്കിറങ്ങുന്നത് തടയാനുള്ള ബൃഹദ് പദ്ധതി നടപ്പാക്കും. ജനങ്ങൾക്ക് തൊഴിലവസരങ്ങളുമുണ്ടാവും. ഉൾക്കാട്ടിൽതന്നെ 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നിർമാണപ്രവൃത്തികൾക്കു മാത്രമാണ് നിയന്ത്രണമുണ്ടാവുക. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


