പൊന്നാനിയിലെ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടി; മുടങ്ങി കടൽ പഠനം
text_fieldsപൊന്നാനിയിൽ അടച്ചു പൂട്ടിയ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്
പൊന്നാനി: 2012ലെ ഹൈഡ്രോഗ്രാഫിക് ദിനത്തിൽ പൊന്നാനിയിൽ ആരംഭിച്ച കേരള ഹൈഡ്രോഗ്രാഫിക് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (കിഹാസ്) താൽക്കാലിക ഉപകേന്ദ്രം മൂന്നുവർഷത്തിനകം അടച്ചുപൂട്ടി. സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തുന്നത് വൈകുന്നതിനിടെയാണ് താൽക്കാലിക കോഴ്സുകളും അവസാനിപ്പിച്ചത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആകെ നടന്ന പ്രവർത്തനം 15 ദിവസത്തെ പ്രാഥമിക കോഴ്സിന്റെ ഒരു ബാച്ച് മാത്രമായിരുന്നു. കൂടാതെ മൽസ്യത്തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും നടത്തി. മൂന്ന് വർഷം പ്രവർത്തിച്ചിട്ടും ബേസിക് കോഴ്സുകൾ ഒഴികെ സ്ഥിരം കോഴ്സുകളിൽ ഇതുവരെ തീരുമാനമായിട്ടില്ല. മൂന്ന് ഹ്രസ്വകാല കോഴ്സുകളാണ് സെൻററിന് ആദ്യഘട്ടം അനുവദിച്ചിരുന്നത്. എന്നാൽ പുതിയ കോഴ്സിലേക്ക് അധ്യാപകരെ നിയമിക്കുകയും അഡ്മിഷൻ ക്ഷണിക്കുകയും ചെയ്തതെങ്കിലും കോഴ്സ് ആരംഭിക്കാനും കഴിഞ്ഞില്ല.
സ്ഥിരം കെട്ടിടം നിർമിക്കാൻ 25 സെൻറ് സ്ഥലം ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് കേന്ദ്രം അടച്ചുപൂട്ടേണ്ടി വന്നത്. പൊന്നാനി നഗരസഭയുടെ പഴയ കെട്ടിടത്തിലെ രണ്ടും മൂന്നും നിലകളിലായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി പ്രവർത്തിച്ചിരുന്നത്. നേരത്തെയും മിക്ക സമയത്തും ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ട നിലയിലായിരുന്നു.
കടലിലെയും ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിച്ച് സർക്കാർ കൈകൊള്ളേണ്ട പരിഹാരമാർഗങ്ങൾ നിർദേശിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഹൈഡ്രോഗ്രാഫിക് മോഡേൺ സർവേ, ക്വാൺഡിറ്റി സർവേ ,ഡൈവിങ് പരിശീലനം ഉൾപ്പെടെ കോഴ്സുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. നിലവിൽ കടലിലെ ഘടന മാറ്റങ്ങൾ പഠിക്കാൻ കേരളത്തിൽ സർക്കാർ തലത്തിൽ സംവിധാനമില്ല. ഇതിന് പരിഹാരമാകുന്ന തരത്തിലുള്ള കോഴ്സുകൾ ഉൾപ്പെടുത്തിയ കേന്ദ്രമാണ് സർക്കാർ അവഗണന മൂലം അടച്ചു പൂട്ടിയത്.