ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് ഒളിവിൽ പോയിട്ട് 25 ദിവസം
text_fieldsഎടപ്പാൾ: ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണവിധേയനായ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് ഒളിവിൽ പോയിട്ട് 25 ദിവസം പിന്നിടുന്നു. തിരുവനന്തപുരം പേട്ട പൊലീസ് ഞായറാഴ്ച എടപ്പാൾ പട്ടാമ്പി റോഡിലെ വീട്ടിൽ പരിശോധന നടത്തി. ഹാർഡ് ഡിസ്ക്, പാസ് ബുക്കുകൾ എന്നിവ കണ്ടെടുത്തു.
വാർഡംഗം ഇ.എസ് സുകുമാരന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത ശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല. എടപ്പാളിന് സമീപം ശുകപുരത്തെ പെട്രോൾ പമ്പിനടുത്താണ് ഇവരുടെ വീട്. ഗേറ്റ് പൂട്ടിയ നിലയിലാണ്.
കുടുംബം അയൽവാസികളുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല. അതിനാൽ എവിടേക്കാണ് ഇവർ പോയതെന്നതിനെക്കുറിച്ച് ആർക്കും ധാരണയില്ല. ഇവരുടെ വീട്ടിലെ വളർത്തുമൃഗങ്ങളെ ഡയറി ഫാം അസോസിയേഷൻ ഏറ്റെടുത്തിരുന്നു. വീട്ടുകാർ പോയതോടെ മൃഗങ്ങൾ പട്ടിണിയിലായ വാർത്ത പരന്നതോടെയാണ് വട്ടംകുളം ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് പരിഹാരം കണ്ടെത്തിയത്.