മഞ്ഞപ്പിത്തം വർധിക്കുന്നു.; ജാഗ്രത വേണം
text_fieldsമലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പൂക്കോട്ടൂർ, വേങ്ങര, പള്ളിക്കൽ ആരോഗ്യേബ്ലാക്കുകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജില്ലയിൽ ഈമാസം മാത്രം 643 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ പറയുന്നു. തൃക്കലങ്ങോട് ഒരു മരണം സംഭവിച്ചു. മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നതും ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നതും രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. അവധിക്കാലമായതിനാൽ ഇത്തരം ചടങ്ങുകൾ കുടുതൽ നടക്കുന്നത് രോഗവ്യാപനസാധ്യത വർധിപ്പിക്കുന്നു.
വേനലായതിനാൽ, ജലദൗർലഭ്യമുള്ളതും രോഗാണുവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നു. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി കാലതാമസം കൂടാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍നിന്നും കൃത്യമായ ചികിത്സ തേടണം. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 4211 മഞ്ഞപ്പിത്ത കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികളും ഭക്ഷ്യവിഷബാധയും തടയാൻ യോജിച്ച പ്രവർത്തനത്തിന് വിവിധ വകുപ്പുകളുടെ ജില്ലതല അവലോകന യോഗത്തിൽ തീരുമാനമായി.
എട്ടുദിവസത്തിനിടെ പകർച്ചപ്പനി ബാധിതർ 9224, ഡെങ്കികേസുകൾ 51
മലപ്പുറം: ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. എട്ട് ദിവസത്തിനിടെ ജില്ലയിൽ 9224 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽനിന്നുള്ള കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവർ വേറെയും വരും. കാലാവസ്ഥയിലുള്ള മാറ്റമാണ് വൈറൽപനി പടരാൻ കാരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
ജില്ലയിൽ ഡെങ്കിപ്പനി കേസുകളിലും ഈ മാസം വർധനയുണ്ട്. ഈ മാസം 12 മുതൽ 19 വരെ ദിവസങ്ങളിലെ ആരോഗ്യവകുപ്പ് കണക്ക് പ്രകാരം 51 ഡെങ്കി കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ എണ്ണം 47 ഡെങ്കിയെന്ന് സംശയിക്കുന്നതും നാലെണ്ണം സ്ഥിരീകരിച്ചതുമാണ്. ചൂടും ഇടവിട്ടുള്ള മഴയും കാരണം ഡെങ്കി രോഗാണുവാഹകരായ ഈഡിസ് കൊതുകുകൾ പെറ്റുപെരുകാനുള്ള സാധ്യത കൂടുതലാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക
- തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടിക്കലര്‍ത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.
- ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
- കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശമനുസരിച്ച് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. അണുവിമുക്തമായ വെള്ളം മാത്രം പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകാനും ഉപയോഗിക്കുക.
- വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.
- പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
- ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.
- വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
- ജീവിതശൈലീരോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗബാധിതര്‍ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.