എ.ബി.സി; കേന്ദ്രത്തിന് സ്ഥലം ഉറപ്പിക്കാൻ സംയുക്ത പരിശോധന
text_fieldsമലപ്പുറം: ജില്ലയിൽ തെരുവുനായ് വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രത്തിന് സ്ഥലം ഉറപ്പാക്കുന്നതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ സംയുക്ത സംഘം വിവിധ സ്ഥലങ്ങൾ പരിശോധിക്കും. തദ്ദേശ വകുപ്പ്, ജില്ല മൃഗ സംരക്ഷണ വകുപ്പ്, ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘമാകും സ്ഥലം പരിശോധിക്കുക. ജില്ല കലക്ടർ വി.ആർ.വിനോദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടാഴ്ചക്കകം സംഘം നിലവിൽ പ്രാഥമികമായി കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് സാഹചര്യങ്ങൾ സംബന്ധിച്ച് സംഘം വിശദമായ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും. ചീക്കോടിലാണ് പ്രാഥമികമായി സ്ഥലം നോക്കിയിട്ടുള്ളത്. കൂടാതെ കൊണ്ടോട്ടി, തിരൂർ എന്നിവിടങ്ങളിലെ റവന്യു ഭൂമിയും പരിഗണനയിലുണ്ട്.
ഇവ പദ്ധതിക്ക് അനുയോജ്യമാണോ അല്ലയോ എന്ന കാര്യം സംഘം പരിശോധിക്കും. നിലവിൽ എ.ബി.സി കേന്ദ്രമില്ലാത്ത ജില്ലയാണ് മലപ്പുറം. ഏറെ കാലമായി അനുയോജ്യമായ സ്ഥലത്തിന് വേണ്ടി തദ്ദേശ വകുപ്പും, മൃഗ സംരക്ഷണ വകുപ്പും ശ്രമം നടത്തിയിരുന്നെങ്കിലും സാങ്കേതികത്വവും പ്രാദേശിക എതിർപ്പുകളും കാരണം എങ്ങുമെത്താതെ നീളുകയായിരുന്നു.
നേരത്തെ എ.ബി.സി കേന്ദ്രം മങ്കട കടന്നമണ്ണയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്നു. കടന്നമണ്ണ മൃഗാശുപത്രിയുടെ 42 സെന്റ് സ്ഥലമാണ് ജില്ലയിലെ പ്രഥമ എ.ബി.സി കേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയിരുന്നത്. നായ്ക്കളെ പാർപ്പിക്കുന്നതിന് ഈ സ്ഥലം അപര്യാപ്താണെന്ന് വിലയിരുത്തിയാണ് കേന്ദ്രം ഒഴിവാക്കിയത്.
സ്ഥലത്ത് ചുറ്റും ആൾതാമസമുണ്ട്. ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ 2022 ഒക്ടോബറിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു.
മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. തെരുവുനായ്ക്കളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമാകുമോ എന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആശങ്കയാണ് പ്രശ്നം.