ചൂടിൽ വെന്തുരുകി കുരുന്നുകളുടെ പഠനം
text_fieldsനിർമാണം പാതിവഴിലായ ചോക്കാട് ആനക്കല്ലിലെ
അംഗൻവാടി കെട്ടിടം
കാളികാവ്: ഐ.സി.ഡി.എസ് വകുപ്പിൽനിന്ന് 20 ലക്ഷം ലഭിച്ചിട്ടും ചോക്കാട് ആനക്കല്ല് അംഗൻവാടി കെട്ടിടനിർമാണം പാതിവഴിയിൽ തന്നെ. ചോക്കാട് പഞ്ചായത്ത് പത്തുലക്ഷം കൂടി അനുവദിച്ചിട്ടും കെട്ടിട നിർമാണം പൂർത്തിയായില്ല.
നിർമാണം വൈകുന്നതോടെ രണ്ടു വർഷമായി ചുട്ടുപൊള്ളുന്ന ഇടുങ്ങിയ മുറിയിലാണ് ഇരുപതിലേറെ കുരുന്നുകൾ പഠനം നടത്തുന്നത്. 2022-23 വർഷത്തിലാണ് ഹൈടെക്ക് കെട്ടിട നിർമാണത്തിന് ഐ.സിഡി.എസ് 20 ലക്ഷം രൂപ അനുവദിച്ചത്.കരാർ ഏറ്റെടുത്തയാൾ കെട്ടിട നിർമാണം പൂർത്തിയാക്കാതെ പോയതായി നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ വാർപ്പു മാത്രമാണ് കഴിഞ്ഞത്. ബാക്കി ജോലികളൊന്നും പൂർത്തിയാക്കാൻ നടപടിയായില്ല.
നേരത്തെയുള്ള കെട്ടിട പ്ലാനിന് മാറ്റം വരുത്തിയതാണ് കരാർ ഏറ്റെടുത്തയാൾക്ക് നിർമാണം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്ന് പറയപ്പെടുന്നു.
20 ലക്ഷം ചെലവിട്ടാണ് രണ്ടു മുറികളും വരാന്തയുമുള്ള കെട്ടിടം കോൺക്രീറ്റ് പില്ലറിൽ നിർമിച്ചത്. ബാക്കി പണികൾ പൂർത്തിയാക്കാൻ 2024-25 പദ്ധതിയിൽ 10 ലക്ഷം കൂടി പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. കൂടാതെ മുറ്റം കട്ട പതിപ്പിക്കാൻ മൂന്നുലക്ഷവും കുഴൽക്കിണർ കുഴിക്കാൻ ഒന്നര ലക്ഷവും അനുവദിച്ചു. കടുത്ത ചൂടിൽ പഠനം നടത്തേണ്ടി വരുന്നതിനാൽ കുരുന്നുകൾ ഏറെ പ്രയാസത്തിലാണ്.
മേൽക്കൂരക്ക് ഉയരം തീരെയില്ലാത്തതാണ് ചൂടിന് കാരണം. നിലവിൽ അംഗൻവാടിയിൽ എത്താൻ ഇടുങ്ങിയ വഴിയാണുള്ളത്.
20 ലക്ഷം ഫണ്ടനുവദിച്ചിട്ടും കെട്ടിടം നിർമാണം പൂർത്തിയാക്കാതെ വീണ്ടും പത്തുലക്ഷം കൂടി അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ് ആരോപിച്ചു. ആദ്യം അനുവദിച്ച തുക പുതിയ പ്ലാനിലെ കെട്ടിട നിർമാണത്തിന് തികയാതെ വന്നതാണ് കെട്ടിടം പൂർത്തിയാക്കാൻ കഴിയാതെ വന്നത്. പഞ്ചായത്ത് ഫണ്ടിൽ നിന്നനുവദിച്ച തുകയുടെ ടെൻഡർ നടപടി പൂർത്തിയാക്കി കെട്ടിട നിർമാണം ഏപ്രിലിനു മുമ്പ് പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ പറഞ്ഞു.