കിണർ റീചാർജിങ്ങിൽ വേറിട്ട മുദ്ര പതിപ്പിച്ച് അഷ്റഫ് ദോസ്ത്
text_fieldsഅഷ്റഫ് ദോസ്ത് വാട്ടർ ഫിൽറ്ററുമായി
കാളികാവ്: വേനലായാൽ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കാഴ്ച നമ്മുടെ നാടുകളിൽ ഇനി ഉണ്ടാകരുതെന്നാണ് കാളികാവിലെ അഷറഫ് ദോസ്തിന്റെ സ്വപ്നം. ഇതിനായി മഴവെള്ളത്തെ കുടിവെള്ളമാക്കി രൂപാന്തരപ്പെടുത്താനുള്ള മികച്ച വഴികൾ ഇദ്ദേഹത്തിനറിയാം. കിണർ റീചാർജിങിനൊപ്പം ജല ശുദ്ധീകരണ രംഗത്തും വേറിട്ട മുദ്ര പതിപ്പിച്ച് മുന്നേറുകയാണ് ഈ മുൻപ്രവാസി.
19ാം വയസിൽ പ്രവാസിയുടെ കുപ്പായമണിഞ്ഞ അഷ്റഫ് പിന്നീട് നാട്ടിലെത്തി ചെറിയ എസ്റ്റേറ്റ് വാങ്ങിച്ചു. ജലക്ഷാമം മൂലം അയൽവക്കത്ത് കൂടി ഒഴുകുന്ന അരുവിയിൽ പൈപ്പിട്ട് വെള്ളമെടുക്കാൻ അനുമതി ചോദിച്ചു. എന്നാൽ, വെള്ളവും വഴിയും തരില്ലെന്ന മറുപടി അഷ്റഫിനെ തളർത്തി. ഇതോടെ ജലം എല്ലാവർക്കും ലഭ്യമാക്കാൻ തുനിഞ്ഞിറങ്ങി. കിണർ റീചാർജിങിലായിരുന്നു തുടക്കം. പിന്നീട് 2015ൽ ജലമിത്ര എന്ന വാട്ടർ ഫിൽട്ടർ കമ്പനി സ്ഥാപിച്ചു. മറ്റു ഫിൽട്ടറുകൾ കെമിക്കലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ പ്രകൃതി ദത്ത സംവിധാനമാണ് ജലമിത്രയുടേത്. സുരക്ഷിതമായ കുടിവെള്ളം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്ന് അഷ്റഫ് പറയുന്നു.
മഴയുള്ള സമയം കിണറുകൾ റീചാർജ് ചെയ്താൽ കുഴൽക്കിണറുകളിലെ വെള്ളം വർധിക്കുമെന്ന് അഷ്റഫ് പറയുന്നു. മഴവെള്ളത്തിൽ പി.എച്ചും ടി.ഡി.എസും കുറവാണ്. ഈ വെള്ളം കുഴൽക്കിണറിലേക്ക് പതിപ്പിച്ചാൽ പുതിയ ഉറവയുടെ സ്രോതസ് വന്ന് വെള്ളം വർധിക്കും. ഒരു വീട്ടിൽ ദിനംപ്രതി 20 ലിറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത്. 25 വർഷ വാറന്റിയോടെ വീടുകളിൽ കുടിവെള്ളമെത്തിക്കാനാകുമെന്നും അഷ്റഫ് പറയുന്നു. ആയിരം ലിറ്ററിന്റെ ടാങ്കാണ് ആവശ്യം. ഏത് പ്രദേശത്തും ഈ സൗകര്യം പ്രാവർത്തികമാക്കാനാകുമെന്നും അഷ്റഫ് പറയുന്നു.