മലബാർ സമര ചരിത്ര സ്മൃതികൾ കെടാതെ കാത്ത് ചിങ്കക്കല്ല് പാറ
text_fieldsവാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒളിച്ചുതാമസിച്ച ചിങ്കക്കല്ല് പാറ
കാളികാവ്: മലബാർ സമരത്തിന്റെ ഓർമകൾ പറയുന്ന ചിങ്കക്കല്ല് പാറ ചരിത്രാന്വേഷകർക്ക് ഇന്നും കൗതുക കാഴ്ച. മലബാർ സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921ലെ പോരാട്ടകാലത്ത് ഒളിച്ച് താമസിച്ച ഇടമാണ് സിങ്കക്കല്ല് എന്ന ചിങ്കക്കല്ല് വലിയ പാറ. കല്ലാമൂലക്കടുത്ത് ചിങ്കക്കല്ല് പുഴയോരത്തെ പാറയുടെ അളയിലായിരുന്നു മുപ്പതോളം വരുന്ന സമര സംഘം കഴിഞ്ഞ് കൂടിയിരുന്നത്.
ഇടതൂര്‍ന്ന വനത്തിനുള്ളിലെ പുല്‍ത്തകിടിയില്‍ കഴിഞ്ഞ ഹാജിയെ കാട്ടില്‍ തക്കം പാര്‍ത്ത് ഒളിച്ചിരുന്ന സൈന്യം പിടികൂടിയത് ഈ പാറക്ക് സമീപത്തുനിന്നുമായിരുന്നു. കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാർക്കെതിരെ നടത്തിവന്ന പോരാട്ടത്തിന് അതോടെ അന്ത്യമായി. 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്നിന്ന് ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്.
ബ്രിട്ടീഷ് ഭരണകാലത്തും അതിനുമുമ്പും ജന്മിത്ത ദുഷ്പ്രഭുത്വത്തിന് കീഴില്‍ കുടിയാന്മാരായി കഴിഞ്ഞിരുന്ന മാപ്പിളമാർ ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി സാമൂഹികസുരക്ഷിതത്വം കൂടി നഷ്ടമായ അവസ്ഥയിലെത്തി. ബ്രിട്ടീഷ് വാഴ്ചക്കെതിരെ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയവും ഉയര്‍ന്നുവന്നു.
വാരിയന്‍കുന്നത്തായിരുന്നു നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. വിപ്ലവസര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇടക്ക് നിയന്ത്രണം തെറ്റിയതോടെ സമരത്തെ നേരിടാന്‍ പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി. മാപ്പിളമാരെ അടിച്ചൊതുക്കലിന്റെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും വരെ പട്ടാളം ദ്രോഹിച്ചു. ഇതിനിടയില്‍ ആലി മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെ വാരിയന്‍കുന്നത്ത് പ്രവര്‍ത്തനമേഖല നിലമ്പൂരിലേക്ക് മാറ്റി. കിഴക്കന്‍ മലയോരത്തെ കാടുകളില്‍ ഒളിച്ചുപാര്‍ത്തായി പിന്നീടുള്ള പോരാട്ടം.
ചോക്കാട് കല്ലാമൂല വനത്തില്‍ താമസിച്ച് അദ്ദേഹം വെള്ളക്കാര്‍ക്കെതിരെ ഒളിപ്പോര് തുടര്‍ന്നു. ബ്രിട്ടീഷ് ദുഷ്ഭരണത്തിനെതിരെ ദുര്‍ബലമെങ്കിലും ഒട്ടേറെ ചെറുത്തുനില്പുകള് കിഴക്കനേറനാടന്‍ മലയോരത്തും നടന്നിരുന്നു. ചിങ്കക്കല്ലിലെ വലിയപാറയുടെ ചാരേ ഇലകള്‍കൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയന്‍കുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്.
ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നത്തിന്റെ താവളം കണ്ടെത്തി. ബാറ്ററി സേന കല്ലാമൂല മലവാരത്തിലെത്തി. ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും പിടികൂടി. തുടര്‍ന്ന് കാളികാവ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടിയിലുമെല്ലാം അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു.
പേരിന് വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ 10 ഓടെ മലപ്പുറം കോട്ടക്കുന്നില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട സാമ്രാജ്യത്വ പോരാട്ടത്തിന്റെ ഓർമകൾ തുടിക്കുന്ന ചിങ്കക്കല്ലിലെ വലിയ പാറ കാണാൻ വനം വകുപ്പ് അനുമതിയുമായി ധാരാളം പേർ ഇപ്പോഴും ഇവിടെ എത്തുന്നു.