വാരിയൻ കുന്നത്തിന്റെ രക്തസാക്ഷിത്വ ഓർമകളുമായി ചിങ്കക്കല്ല് പാറ
text_fieldsവാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘവും ഒളിച്ചുപാർത്ത ചിങ്കക്കല്ല് പാറ
കാളികാവ്: മലബാര്‍ സമരത്തിന്റെ വീരനായകന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് 103 വയസ്സ് തികയുന്നു. 1922 ജനുവരി 20 നാണ് വെള്ളപ്പട്ടാളം വാരിയന്‍കുന്നത്തിനെ മലപ്പുറം കോട്ടക്കുന്നില്‍ വെടിവെച്ച് കൊല്ലുന്നത്. മലബാര്‍ സമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തില്‍ സമാന്തരഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ച ഒരേയൊരു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു വാരിയംകുന്നത്ത്. 1921 സെപ്റ്റംബര്‍ 16ന് നിലമ്പൂര്‍ ആസ്ഥാനമായി സമാന്തര രാഷ്ട്ര പ്രഖ്യാപനം നടന്നു. ഗൂര്‍ഖ റെജിമെന്റിനെ ഇറക്കിയായിരുന്നു അവസാന തലത്തിലെ ബ്രിട്ടീഷ് പോരാട്ടം. ഗൂര്‍ഖ ക്യാമ്പിൽ കയറി ആക്രമണം നടത്തിയായിരുന്നു വാരിയന്‍കുന്നനും കൂട്ടരും ഗൂര്‍ഖ സൈന്യത്തിന് തിരിച്ചടി നല്‍കിയത്.
വാരിയന്‍കുന്നത്തിനെ ഏതുവിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലബാര്‍ പൊലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ‘ബാറ്ററി’ എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപവത്കരിച്ചു. ഒളിത്താവളമായ കാളികാവിലെ കല്ലാമൂല ചിങ്കക്കല്ലില്‍ വലിയപാറയുടെ ചാരെ ഇലകള്‍കൊണ്ടും മറ്റും മൂടിയ അളയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നത്തിന്റെ താവളം കണ്ടെത്തി. ‘ബാറ്ററി സേന’ കല്ലാമൂല മലവാരത്തിലെത്തി. ഒളിവില്‍ കഴിഞ്ഞുവന്ന കുഞ്ഞഹമ്മദാജിയെയും 27 അനുയായികളെയും സേന പിടികൂടി.
അനുരഞ്ജന രൂപത്തിലെത്തി ഹാജിയെ നമസ്കരിക്കുന്നതിനിടെ ചതിയില്‍ പിടികൂടുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് കാളികാവ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടി വഴിയുമെല്ലാം അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു. പേരിന് വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രദേശമെന്ന നിലയിൽ ചോക്കാട് വാരിയംകുന്നത്തിന് സ്മാരകം നിർമിക്കുമെന്ന ജില്ല പഞ്ചായത്ത് പ്രഖ്യാപനം ഇതേവരെയായിട്ടും നടപ്പായിട്ടില്ല.


