ചോക്കാട് ജലനിധി പദ്ധതി; വെള്ളവുമില്ല ഗുണഭോക്തൃ വിഹിതവുമില്ല
text_fieldsകാളികാവ്: ചോക്കാട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ട് തുടങ്ങാനിരുന്ന ജലനിധി പദ്ധതിയിൽ നാട്ടുകാർക്ക് വെള്ളവുമില്ല വാങ്ങിയ പണവുമില്ല. വെള്ളത്തിനായി ജലനിധി അധികൃതർ വാങ്ങിയ ഗുണഭോക്തൃ വിഹിതം ഇതുവരെ തിരിച്ച് നൽകിയിട്ടില്ല. മൂവായിരത്തോളം ഗുണഭോക്താക്കളിൽ നിന്നായി 2800 രൂപ വീതം വെച്ച് 85 ലക്ഷത്തോളം രൂപയാണ് അധികൃതർ വാങ്ങിയത്.
എട്ട് കോടിയിലേറെ മുടക്കിയ പദ്ധതിയിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിരുന്നു. ഒടുവിൽ രണ്ട് മാസത്തിനുള്ളിൽ എല്ലാ ഗുണഭോക്താക്കൾക്കും വെള്ളം ലഭ്യമാക്കണമെന്നായിരുന്നു കോടതി നിർദേശം.
ചോക്കാട്ടിലെ മാഞ്ചേരി അലവി, ലക്ഷം വീട് കോളനിയിലെ വരിക്കോട്ടിൽ മുഹമ്മദ്, ടി.എം.എസ്. ആയിശുമ്മ, പെടയന്താളിലെ മാഞ്ചേരി നൗഷാദലി, ചോക്കാട് ആനക്കല്ലിലെ പുലത്ത് ഉണ്ണികൃഷ്ണൻ എന്നിവരാണ് ജലനിധി പദ്ധതിയിൽ വെള്ളം ലഭിക്കാത്തതിനെതിരെ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. രണ്ട് മാസത്തിനുള്ളിൽ വെള്ളവും പരാതിക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരവും നൽകാനായിരുന്നു ഉപഭോക്തൃ കോടതി വിധിച്ചത്. എന്നാൽ ഒന്നും നടപ്പായില്ല.
ഒമ്പത് വർഷം മുമ്പ് പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകൾ മുഴുവൻ പൊട്ടിപ്പോവുകയും ബാക്കിയുള്ള പ്രധാന പൈപ്പുകൾ മലയോര ഹൈവേ നിർമാണത്തോടെ നശിക്കുകയും ചെയ്തു. രണ്ട് തവണ പദ്ധതിയുടെ ട്രയൽ റൺ നടത്തിയെങ്കിലും ഉപഭോക്താക്കൾക്ക് വെള്ളം ലഭിച്ചിരുന്നില്ല.
റോഡ് പണി നടക്കാത്ത മാളിയേക്കൽ, കൂരിപ്പൊയിൽ, മഞ്ഞപ്പെട്ടി ഭാഗത്തും പത്ത് വർഷമായിട്ടും വെള്ളം നൽകാനായിട്ടില്ല. സംസ്ഥാന സർക്കാറിന്റെ ഖജനാവിൽ നിന്ന് കോടികൾ ചോർന്ന് പോയ പദ്ധതിയാണ് ചോക്കാട്ടിലെ ജലനിധി. പദ്ധതിക്കായി നീക്കിവെച്ച തുകയും ഗുണഭോക്തൃവിഹിതവും ബാങ്ക് അക്കൗണ്ടിൽ പ്രയോജനരഹിതമായി കിടക്കുകയാണ്. കോടതിയിൽ കേസിന് പോവാത്ത ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം തിരിച്ചുനൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.