ചോക്കാട് സൊസൈറ്റി ഭൂമിക്ക് നികുതി കുടിശ്ശിക; ജപ്തി ഭീഷണി
text_fieldsചോക്കാട് നാൽപത് സെന്റിൽ നിലമ്പൂർ പട്ടികവർഗ സൊസൈറ്റിക്ക് കീഴിലുള്ള തെങ്ങിൻ തോപ്പ്
കാളികാവ്: ചോക്കാട് നാൽപ്പത് സെന്റിൽ ആദിവാസി ഭൂമിക്ക് 12 വർഷമായി നികുതി അടക്കാത്തതിന്റെ പേരിൽ ജപ്തി ഭീഷണി. നിലമ്പൂർ താലൂക്ക് പട്ടിക വർഗ സൊസൈറ്റിക്കു കീഴിലെ ചോക്കാട് നാൽപ്പത് സെന്റ് നഗറിലെ ഭൂമിക്കാണ് നികുതി അടക്കാത്തതിന്റെ പേരിൽ ജപ്തി ഭീഷണി നേരിടുന്നത്.
ചോക്കാട് വില്ലേജിലെ 130/53 റിസർവേയിൽപെട്ട 37.24 ഹെക്ടർ ഭൂമിയാണ് 2013 മുതൽ നികുതി അടക്കാതെ കുടിശ്ശിക വരുത്തിയത്.
നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദിവാസി സൊസൈറ്റിക്കാണ് ഭൂമിയുടെയും ഭൂമിയിലെ വരുമാനങ്ങളുടെയും കൈകാര്യ കർതൃത്വം.
ഭൂനികുതിയും ക്ഷേമനിധി തുകയുമടക്കം 3,60,131 രൂപയാണ് എത്രയും വേഗം അടവാക്കണമെന്ന് കാണിച്ച് ചോക്കാട് വില്ലേജ് ഓഫിസർ ബി.സി. ബിജുവിന് ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുണ്ട്. 1976 കാലഘട്ടത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരെ പുനരധിവസിപ്പിച്ച് ചോക്കാട് നാൽപ്പത് സെന്റിൽ ജനവാസം ആരംഭിച്ചത്. ഓരോ കുടുംബത്തിനും തെങ്ങ്, റബർ തോട്ടങ്ങൾ ഉൾപ്പെടുന്ന മുന്നേക്കറോളം സ്ഥലം വീതവും പിന്നീട് വീടും നൽകി.
അവശേഷിക്കുന്ന സ്ഥലം പട്ടികവർഗ സൊസൈറ്റിക്ക് കീഴിലാക്കി.
സൊസൈറ്റിയുടെ മേൽ നോട്ടത്തിലുള്ളതും 20 ഏക്കറോളം റബറും 50 ഏക്കറിലധികം തെങ്ങുകളുമുണ്ട്.
ഇതിൽ നിന്നുള്ള വരുമാനമെടുക്കുന്നത് സൊസൈറ്റിയാണ്.
എന്നാൽ ആദിവാസികളുടെ ക്ഷേമം മുൻനിർത്തി രൂപവത്കരിച്ച സൊസൈറ്റിയിൽ നിന്നോ വരുമാനത്തിൽ നിന്നോ ഒരുരൂപ പോലും ആദിവാസികൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് ആദിവാസികൾക്കുള്ളത്. എന്നാൽ, നികുതി അടക്കാൻ വരുമാന മാർഗമില്ലെന്നാണ് സൊസൈറ്റി സെക്രട്ടറി പറയുന്നത്.