കുരുക്കുകൾ തീർന്നു; ചിങ്കക്കല്ലിലെ ഗീതയുടെ വീട് നിർമാണം തുടങ്ങി
text_fieldsചിങ്കക്കല്ലിൽ ഗീതയുടെ വീട് നിർമാണം പുരോഗമിക്കുന്നു
കാളികാവ്: പത്ത് വർഷമായി വീടിനായി കാത്തിരിക്കുന്ന ചോക്കാട് ചിങ്കക്കല്ലിലെ ആദിവാസി കുടുംബാംഗമായ ഗീതയുടെ സ്വപ്നവീട് യാഥാർഥ്യമാവുന്നു. വീടിന്റെ ചുമർ നിർമാണം കഴിഞ്ഞ ദിവസം തുടങ്ങി. ആദ്യഘട്ടമായി പട്ടികവർഗ വകുപ്പ് അനുവദിച്ച 1,20000 രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.
നിയമക്കുരുക്കുകൾ തീർത്താണ് ഇവരുടെ വീട് നിർമാണത്തിന് നടപടിയാവുന്നത്. ഒമ്പത് വർഷം മുമ്പ് ചിങ്കക്കല്ലിൽ ഗീതയുടെയും ബന്ധു സരോജിനിയുടെയും വീട് നിർമാണം തുടങ്ങിയെങ്കിലും തറ നിർമിച്ച് രണ്ടാം ഗഡുവിനായി ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഇടപെട്ട് നിർമാണം തടഞ്ഞു.
വീടുവെക്കുന്ന സ്ഥലം വനഭൂമിയിലാണ് എന്ന കാരണമാണ് പറഞ്ഞത്. അതിനിടെ കാട്ടാന ആക്രമണത്തിൽ തലനാരിഴക്കാണ് ഈ കുടുംബം രക്ഷപ്പെട്ടത്. വനത്തിന് സമീപം പ്ലാസ്റ്റിക് ഷീറ്റിന് താഴെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി കഴിഞ്ഞ ഗീതയുടെ ദുരിതത്തെ കുറിച്ച് ‘മാധ്യമം’ വാർത്തകർ നൽകിയിരുന്നു. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരന്തരം ഇവരുടെ വിഷയത്തിൽ ഇടപെട്ടതിന്റെ ഫലമായി വീട് പണിയാൻ വനംവകുപ്പിന്റെ നിരോധനം നീങ്ങി.
തുടർന്ന് വീട് നിൽക്കുന്ന സ്ഥലം അളന്ന് തിരിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഭൂമിയുടെ കൈവശ രേഖ കൈമാറി. പ്രശ്നം അവിടെയും തീർന്നില്ല. വീടിന് നേരത്തെ ഐ.ടി.ഡി.പി അനുവദിച്ച ഫണ്ട് അപ്പോഴേക്കും കാലഹരണപ്പെട്ടു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാമെന്ന് അധികൃതർ ധാരണയിലായി. എന്നാൽ ലൈഫ് പദ്ധതി ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.
ട്രൈബൽ ഫണ്ടിൽനിന്ന് വീടിന് ഫണ്ട് ലഭ്യമാക്കാൻ പിന്നീട് പട്ടികവർഗ വികസന വകുപ്പിന്റെ ഉത്തരവ് ലഭിച്ചു. എന്നാൽ പട്ടികവർഗ വകുപ്പ് ഫണ്ട് ലഭ്യതയുടെ കുറവ് കാരണം ഇവരുടെ വീടിനുള്ള ഫണ്ടും വൈകി. ഒരു മാസം മുമ്പാണ് ഗീതയുടെ വീടിന് 1,20000 രൂപ അനുവദിച്ചത്. അടുത്ത ഗഡു ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.