ഹംഗ്രി ഷാർക്കിനു പിന്നിലെ കുഞ്ഞുകൈകൾ; സ്വയം നിർമിച്ച ഗെയിമുകളുമായി എട്ടാം ക്ലാസുകാരൻ
text_fieldsഅഭിയാൻ മുഹമ്മദ്
കാളികാവ്: സ്വയം നിർമിച്ച ഗെയിമുകളുമായി എട്ടാം ക്ലാസുകാരൻ ശ്രദ്ധയാകർഷിക്കുന്നു. കാളികാവ് വെള്ളിലാം കുന്നൻ ശിഹാബുദ്ദീന്റെ മകൻ അഭിയാൻ മുഹമ്മദാണ് വീഡിയോകൾ യൂ ടൂബിൽ പോസ്റ്റ് ചെയ്ത് വരുമാനം കണ്ടെത്തുന്നത്. ഒരു വർഷം മുമ്പാണ് ചാനൽ തുടങ്ങിയത്. ഈ വർഷം ജനുവരിയിൽ പതിനയ്യായിരവും മാർച്ചിൽ പതിമൂവായിരവും രൂപയാണ് കൊച്ചു മിടുക്കന് ലഭിച്ചത്. ഗെയിം ആപ്പുകൾ വഴി ലഭിക്കുന്ന വിവിധ ഗെയിമുകൾ ഡൗൺ ലോഡ് ചെയ്ത് ആകർഷകമായി എഡിറ്റ് ചെയ്ത് വിവിധ പേരുകൾ നൽകി പുതിയ ഗെയിം സ്പോട്ടുകൾ നിർമിക്കുകയാണ് ചെയ്യുന്നത്. ഇത് സ്വന്തം പേരിൽ തുടങ്ങിയ വി.ആർ എക്സ് ഗെയിംസ് എന്ന ചാനലിൽ അപ് ലോഡ് ചെയ്യും.
ഇതിനകം 3.65 കെ സബ്സ്ക്രൈബേഴ്സാണ് അഭിയാൻ മുഹമ്മദ് നേടിയത്. മൂന്നൂറിലധികം ഗെയിം വീഡിയോകളാണ് സ്വന്തം ചാനലിൽ അപ് ലോഡ് ചെയ്തത്. ഹംഗ്രി ഷാർക് എന്നാണ് ഗെയിം ചാനലിന്റെ പേര്. ഫിലിപ്പൈൻസ്, ഇൻഡൊനേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കുടുതൽ പ്രതികരണം ലഭിക്കുന്നത്.
മകന്റെ കഴിവും ശൈലിയും കണ്ടെത്തിയ മാതാവ് ഫസീലയാണ് യൂടൂബിൽ ചാനൽ തുടങ്ങാൻ സഹായിച്ചത്. തുടർന്ന് ആദ്യമായി ലഭിച്ച വരുമാനം ഉപയോഗിച്ച് കുടുംബത്തിലെ എല്ലാവർക്കും പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി. സ്മാർട്ട് ഫോണും വൈ ഫൈ കണക്ഷനും പിതാവ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. അടക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കൻഡറിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിയാൻ മുഹമ്മദ്.