റബർ വില താഴുന്നതിനിടയിലും ഉൽപാദനം മികച്ചതാക്കാൻ കർഷകർ
text_fieldsറബ്ബർ കൃഷി
കാളികാവ്: പ്രതീക്ഷകൾ പകർന്ന് ഉയരത്തിലെത്തിയ റബർ വില താഴുന്നു. മേഖലയിലെ പ്രധാന കാർഷിക വിളയായ റബർ വില താഴോട്ട് പോയതോടെ ഇക്കുറി ഓണം വറുതിയിലാകുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. നാല് ദിവസത്തിലേറെയായി മഴ മാറിനിന്നതോടെ കർഷകർ ടാപ്പിങ് സജീവമാക്കിയെങ്കിലും വില കുറഞ്ഞുവരുന്നതാണ് ആശങ്ക കൂട്ടുന്നത്. കഴിഞ്ഞവർഷം ഈ സമയത്ത് ആഭ്യന്തര വില 220 മുകളിലായിരുന്നു. ഇത്തവണ ഉൽപാദനം കുറഞ്ഞിട്ടും വില ഉയർന്നില്ലെന്ന് മാത്രമല്ല 40 രൂപയോളം താഴ്ന്നാണ് നിൽകുന്നത്.
ആഗോള തലത്തിൽ മാന്ദ്യഭീഷണി മാറാത്തതാണ് റബറിനും തിരിച്ചടിയായത്. ഏറ്റവും വലിയ റബർ ഉപയോക്താക്കളായ ചൈന കാര്യമായി റബർ വാങ്ങിക്കൂട്ടുന്നില്ല. ചൈനയിലെ റബർ അനുബന്ധ നിർമാണ കമ്പനികൾ കയറ്റുമതി പ്രതിസന്ധി നേരിടുന്നുണ്ട്. ഇതാണ് റബർ ഡിമാൻഡ് താഴ്ന്നു നിൽക്കാൻ കാരണം. തുള്ളി മുറിയാത്ത മഴ കാരണം രണ്ട് മാസത്തോളമായി ഉൽപാദനം പകുതിയായി കുറഞ്ഞെങ്കിലും വില താഴോട്ട് കൂപ്പ് കുത്തുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്.
രണ്ടുമാസം മുമ്പുവരെ ആർ.എസ്.എസ് നാലിന് 220 രൂപ വരെ ലഭിച്ചിരുന്നത് പൊടുന്നനെ 189ലേക്ക് കൂപ്പു കുത്തി. ലാറ്റക്സിന് 123ഉം ഒട്ടുപാലിന് 103മാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്ന വില. ഇപ്പോഴത്തെ വിലയിൽ ഉൽപാദന ചെലവും തൊഴിലാളികളുടെ കൂലിയും ഒപ്പിക്കാനാവുന്നില്ല. മലയോര മേഖലയുടെ പ്രധാന വരുമാന മാർഗം റബറാണ്. റബറിന്റെ ഉയർച്ചയും താഴ്ചയുമാണ് മലയോരത്തിന്റെ വ്യാപാര സാമൂഹികമേഖലകൾ നിയന്ത്രിക്കുന്നത്.
വില താഴുന്നതോടൊപ്പം കാലാവസ്ഥ വ്യത്യയാനവും ഉൽപാദനത്തെയും വരുമാനത്തെയും കാര്യമായി ബാധിക്കും. കടുവ ഭീഷണിക്കിടെ ഈ വർഷം മഴ നേരത്തേയെത്തുകയും ഒരു ദിവസംപോലും വെയിൽ ലഭിക്കുകയും ചെയ്യാത്തതിനാൽ മലയോരത്തെ പല തോട്ടങ്ങളിലും റെയിൻഗാഡ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. റബർ ടാപ്പിങ്ങിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് തൊഴിലാളികൾ പ്രയാസത്തിലാണ്. നാളികേരത്തിനും അടക്കക്കും വിലയുണ്ടെങ്കിലും റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയോര കർഷകർ പ്രതിസന്ധിയിൽനിന്ന് കരകയറുന്നില്ല.