വനം വകുപ്പ് നവകിരണം പദ്ധതി; അഞ്ച് സെന്റിനും അഞ്ച് ഏക്കറിനും നഷ്ടപരിഹാരം 15 ലക്ഷം
text_fieldsകാളികാവ്: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം ലക്ഷ്യമാക്കി വനം വകുപ്പ് നടപ്പാക്കുന്ന നവകിരണം പദ്ധതിയിൽനിന്ന് വിട്ടുനിന്നവർ ഏറെ. വനമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളിൽ സ്വയം തയാറായവരെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് നവകിരണം പദ്ധതി.
മാറാൻ സന്നദ്ധമാകുന്ന കുടുംബങ്ങൾക്കു നൽകുന്ന നഷ്ട പരിഹാര തുകയുടെ അന്തരമാണ് പലരും വിട്ടുനിൽക്കാൻ കാരണം. വനാതിർത്തിയിലോ വനത്തിനുള്ളിലോ താമസിക്കുന്നവരോ ആയ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. എന്നാൽ അഞ്ചുസെന്റിൽ താമസിക്കുന്ന കുടുംബത്തിനും അഞ്ചേക്കറിൽ താമസിക്കുന്ന കുടുംബത്തിനും ഭൂമി ഒഴിഞ്ഞുപോകാൻ നൽകുന്നത് 15 ലക്ഷം രൂപ. ഈ അപാകത കാരണം ഭൂരിഭാഗം കുടുംബങ്ങളും പദ്ധതിയിൽ ചേർന്നിട്ടില്ല. 10 സെന്റിൽ താമസിക്കുന്ന കുടുംബത്തിൽ വിവാഹിതരായ ആൺമക്കൾ രണ്ടോ മൂന്നോ പേർ ഉണ്ടെങ്കിൽ ഒരോരുത്തരെയും ഒരു യൂനിറ്റ് കണക്കാക്കി ഓരോരുത്തർക്കും 15 ലക്ഷം രൂപ വീതം ലഭിക്കും.
എന്നാൽ അഞ്ചോ പത്തോ ഏക്കറിലുള്ളവർ ഒറ്റ കുടുംബമാണെങ്കിൽ ലഭിക്കുന്നത് 15 ലക്ഷം മാത്രം. ഇതാണ് പദ്ധതിയിൽ നിന്നും മാറിനിൽക്കാൻ കാരണം. എന്നിരുന്നാലും ജില്ലയിലെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കാൻ 100 കോടിയിലധികം രൂപ ഇനിയും വേണം. വനത്തിനകത്തും വനത്തിനോട് ചേർന്നുമുള്ള ഭൂമി വനം വകുപ്പിന് കൈമാറിയാലാണ് ഫണ്ട് ലഭിക്കുക.
നിലമ്പൂർ നോർത്ത് ഡിവിഷനിൽ 370 പേരാണ് പദ്ധതിയിൽ അപേക്ഷിച്ചത്. ഇതിൽ 75 പേർക്ക് മുഴുവൻ തുകയും നൽകി. ഫണ്ട് ക്ഷാമം കാരണം 295 പേർ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അപേക്ഷ നൽകി എന്നതുകൊണ്ട് കൈവശ ഭൂമിയിൽനിന്ന് ഇറങ്ങേണ്ടതില്ല. ഭൂമി കൈമാറ്റ ധാരണയിൽ ഒപ്പുവെക്കുന്നത് വരെ അപേക്ഷകന് ഭൂമി കൈമാറുന്നതിൽനിന്ന് പിന്മാറുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഡി.എഫ്.ഒയുമായി ധാരണ ഒപ്പുവെക്കുന്നതോടെയാണ് ഭൂമി കൈമാറ്റം ചെയ്യേണ്ടത്. പട്ടയമുള്ള ഭൂമി മാത്രമേ കൈമാറാനാകൂ. നിലമ്പൂർ നോർത്ത് ഡിവിഷനിൽ പുനരധിവാസ പദ്ധതി പ്രകാരം 24 ഏക്കർ ഭൂമി വനത്തോട് ചേരും. നിലവിലെ അപേക്ഷകൾ തീർപ്പാക്കാൻ തന്നെ 100 കോടി രൂപ വേണം. പുതിയ അപേക്ഷകർ വന്നാൽ വേറേയും പണം വേണം. നിലമ്പൂർ സൗത്തിൽ 24 കുടുംബങ്ങളിലായി 37 യൂനിറ്റുകളാണുള്ളത്. മുഴുവൻ അപേക്ഷകർക്കും ആദ്യ ഗഡുവായി ഏഴര ലക്ഷം രൂപ കൈമാറി. രണ്ടാം ഗഡു നൽകാൻ 28 കോടി രൂപ ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.
വനത്തിനോട് ചേർന്നുള്ള ഭൂമിക്ക് സെന്റിന് 5000 രൂപ പോലും നൽകി ഏറ്റെടുക്കാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനാൽ തന്നെ 15 ലക്ഷം മാന്യമായ വിലയാണ് എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. വന്യ ജീവികളെ പേടിക്കാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് സ്വയം ഒഴിഞ്ഞു പോകണമെന്നാഗ്രഹിക്കുന്നവർക്കുമുള്ള പദ്ധതിയാണ് നവികിരണം പദ്ധതിയെന്ന് കാളികാവ് ഫോറസ്റ്റ് റെയിഞ്ചർ പി. രാജീവ് പറഞ്ഞു.