വീട് ഉപയോഗശൂന്യമായി: ചിങ്കക്കല്ലിൽ ആദിവാസി വൃദ്ധക്ക് ദുരിത ജീവിതം
text_fieldsചാത്തിയുടെ വീട് വിണ്ടുകീറിയ നിലയിൽ
കാളികാവ്: ചോക്കാട് ചിങ്കക്കല്ലിൽ ആദിവാസി വൃദ്ധ ദുരിതത്തിൽ. വീട് പൊളിഞ്ഞ് കിടക്കുന്നതിനാൽ അന്തിയുറക്കം തുറസ്സായ സ്ഥലത്ത്. ചിങ്കക്കല്ല് ആദിവാസി നഗറിലെ 65കാരി ചാത്തിയാണ് നിസ്സഹായാവസ്ഥയിൽ കഴിയുന്നത്.
ചാത്തി അന്തിയുറങ്ങുന്നത് ഏത് സമയവും മൃഗങ്ങളുടെ ആക്രമണം സംഭവിക്കാവുന്ന അവസ്ഥയിൽ കാടിനരികിലെ തുറന്ന സ്ഥലത്ത്. നേരത്തെ സന്നദ്ധ സംഘടന നിർമിച്ചുകൊടുത്ത വീട്ടിലാണ് ചാത്തിയും ഭർത്താവും കഴിഞ്ഞിരുന്നത്. അതിനിടെ ഭർത്താവ് നേരത്തേ മരിച്ചു. താമസിച്ചിരുന്ന വീടിന്റെ അടിത്തറ ഇളകി ചുമരിൽ അപകടകരമായ രീതിയിൽ മൂന്നിടങ്ങളിൽ വലിയ വിള്ളൽ വീണിട്ടുണ്ട്. ഇതുകാരണം വീടിനുള്ളിൽ കഴിയുന്നത് വലിയ അപകടത്തിനിടയാക്കും.
ചിങ്കക്കല്ല് ആദിവാസി നഗറിൽ ആദിവാസി വൃദ്ധ ചാത്തി തുണിവിരിച്ച് നിലത്ത് കിടക്കുന്നു
നാല് തൂണുകളിൽ കെട്ടിയുണ്ടാക്കിയ തുറന്ന ഒരു ഷെഡിലാണ് വൃദ്ധ അന്തിയുറങ്ങുന്നത്. ഏത് സമയവും വന്യമൃഗങ്ങളുടെ ആക്രമണവും നേരിട്ടേക്കാമെന്ന അവസ്ഥയാണുള്ളത്. കാടിനോട് ചേർന്നാണ് ഈ ഷെഡ് നിൽക്കുന്നത്. നിലത്ത് ഒരു തുണി വിരിച്ചാണ് കിടക്കുന്നത്. രാത്രി കിടന്നുറങ്ങുന്നതിന് മുമ്പ് തൊട്ടടുത്ത് വിറകിന് തീയിട്ടാണ് കിടക്കുന്നത്. തീയിടുന്നത് മൃഗങ്ങൾ അടുത്തേക്ക് വരാതിരിക്കാനാണെന്ന് ചാത്തി പറഞ്ഞു.
ചാത്തിയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയതോടെ സ്വന്തം നിലയിൽ കൂലിപ്പണി ചെയ്താണ് ചാത്തി ജീവിക്കുന്നത്. ഒരുമകനും മറ്റു ബന്ധുക്കളുമുണ്ടെങ്കിലും ചാത്തിയെ കൂടെ കൂട്ടാൻ ആരും തയാറാകുന്നില്ല. എന്നാൽ, മക്കൾക്കും സുരക്ഷിതമായ വീടില്ലാത്തതാണ് മറ്റൊരു കാരണം.
ചിങ്കക്കല്ലിലെ പുഴയുടെ ഓരത്ത് കുത്തനെയുള്ള സ്ഥലത്താണ് അപകടകരമായ നിലയിൽ ചാത്തിയുടെ വീട് നിൽക്കുന്നത്. ഏതുസമയവും ചരിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.
ഇവിടെ ചിങ്കക്കല്ല് നഗറിലെ മിക്ക വീടുകളും അശാസ്ത്രീയമായാണ് രീതിയിലാണ് നിർമിച്ചിട്ടുള്ളത്.


