കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള തിരുവിതാംകൂർ കുടിയേറ്റത്തിന് അഞ്ചര പതിറ്റാണ്ട്
text_fieldsഅടക്കാകുണ്ട് എഴുപതേക്കർ പ്രദേശത്ത് കുടിയേറിയ കുറ്റിയാനിക്കൽ കുടുംബം
കാളികാവ്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള തിരുവിതാംകൂർ കൂടിയേറ്റത്തിന് അഞ്ചര പതിറ്റാണ്ട് പിന്നിടുന്നു. 1967ലാണ് കാളികാവ് മേഖലയില്‍ കുടിയേറ്റത്തിന് തുടക്കമാവുന്നത്. കോട്ടയം ജില്ലയിലെ പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം അനേകമാളുകള്‍ പഞ്ചായത്തിലെ അടക്കാകുണ്ടിൽ കുടിയേറി.
കോവിലകത്തിന്റെ കീഴിലായിരുന്ന ചെങ്കോട് മലവാരത്തിലെ സ്ഥലം തിരുവിതാംകൂറില്‍നിന്നെത്തിയ വിവിധ കര്‍ഷകര്‍ വിലക്കുവാങ്ങി. കോട്ടയം ജില്ലയിലെ പാലക്കടുത്ത ഭരണങ്ങാനത്തുനിന്നും വന്ന കുറ്റിയാനിക്കല്‍ കുടുംബത്തിനാണ് ഇവിടത്തെ കുടിയേറ്റത്തിന്റെ തുടക്കക്കാര്‍. അടക്കാകുണ്ടിലെ ഉയര്‍ന്ന പ്രദേശത്തെ പൊന്നുവിളയുന്ന സ്ഥലം ഇവര്‍ സ്വന്തമാക്കി. കുറ്റിയാനിക്കല്‍ കുടുംബത്തിലെ ദേവസ്യ, മാത്യു, ജേക്കബ് എന്ന കുട്ടിപ്പാപ്പന്‍, കൊച്ചുപാപ്പന്‍ എന്ന ഫ്രാന്‍സിസ് ജോസഫ് തുടങ്ങിയവരായിരുന്നു.
മരുതും കാഞ്ഞിരവും താണിയും അടക്കം കാട്ടുമരങ്ങൾ നിറഞ്ഞുനിന്ന പ്രദേശം കിളച്ച് മറിച്ച് റബറും കപ്പയും നെല്ലും കവുങ്ങും വെച്ചുപിടിപ്പിച്ചു. റബര്‍ തൈകള്‍ നടാനും കാട് വെട്ടാനും തുവ്വൂര്‍ മുതല്‍ കല്ലാമൂല വരെയുള്ള സ്ഥലങ്ങളില്‍നിന്നൊക്കെ തൊഴിലാളികളെത്തി. റബർ ഷീറ്റ് കൊണ്ടുവരാനും വളമെത്തിക്കാനും ജീപ്പും ലോറിയും മലകയറിയതോടെ കാളികാവ് അങ്ങാടിക്കും ഉണര്‍വ് വന്നു. ഇതിനിടെ കുടിയേറ്റ ഗ്രാമത്തിന് സ്വന്തമായി അടക്കാകുണ്ടിലും, എഴുപതേക്കറിലും പോസ്റ്റോഫീസുകളും വന്നു.
കെ.എസ്. മാത്യു കുറ്റിയാനിക്കൽ റബർ ഷീറ്റ് തയ്യാറാക്കാനായി നിർമിച്ച ചെറിയ കെട്ടിടത്തിൽ 1981ൽ എഴുപതേക്കർ പോസ്റ്റോഫീസ് വന്നത്. വൈകാതെ വൈദ്യുതിയും റോഡും ടെലിഫോണും വന്നു. കാലം മാറിയപ്പോൾ കുടിയേറ്റ കുടുംബങ്ങൾ പതിയെ മറ്റിടങ്ങളിലേക്ക് കൂട് മാറിപ്പോയതോടെ അടക്കാകുണ്ട് ഗ്രാമത്തിന്റെ പഴയ പ്രൗഢി മങ്ങി.