കരാറുകാരുടെ നിസ്സഹകരണം; ചോക്കാട് ജൽജീവൻ പദ്ധതി സംഭരണി നിർമാണം പാതിവഴിയിൽ
text_fieldsനിർമാണം നിലച്ച് പാതിവഴിയിലായ ചോക്കാട് ജൽ ജീവൻപദ്ധതി ടാങ്ക്
കാളികാവ്: നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാർ തീരുമാനിച്ചതോടെ ജൽജീവൻ പദ്ധതികളുടെ പ്രവർത്തനം നിലക്കുന്നു. കുടിശ്ശിക കുന്നുകൂടുകയും കരാറുകാർ പിന്മാറുകയും ചെയ്തതോടെയാണ് ജൽ ജീവൻപദ്ധതി നിർമാണം മുടങ്ങിയത്.
ചോക്കാട്, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി നാൽപ്പത് സെൻറിലെ കുടിവെള്ള സംഭരണിയുടെ നിർമാണം ഒരു മാസമായി മുടങ്ങിയ നിലയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ നിർമാണങ്ങളും നിർത്തിവെച്ചതായി കരാറുകാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തു നൽകിയിട്ടുണ്ട്.
ഗ്രാമീണമേഖലയിൽ ശുദ്ധജലം ലഭ്യമാക്കാനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചതാണ് ജൽജീവൻ പദ്ധതി. നിലവിൽ കരാറുകാർക്ക് ഭീമമായ തുക കുടിശ്ശികയുണ്ട്. 2019ൽ തുടങ്ങിയ ജൽ ജീവൻ പദ്ധതിയിൽ കേരളം ചേരുന്നത് 2021ലാണ്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 35 ശതമാനം നിർമാണം പൂർത്തിയായതായി കരാറുകാർ പറയുന്നത്.ഈ വകയിൽ തന്നെ 3306 കോടി കുടിശ്ശിക ഉള്ളതായാണ് കണക്ക്. കഴിഞ്ഞ ഒരു വർഷമായി എല്ലാ ബില്ലുകളും കെട്ടിക്കിടക്കുകയാണ്.
നിർമാണത്തിന്റെ ഭാഗമായി ജില്ലയിൽ ചിലയിടങ്ങളിൽ മാത്രം പൈപ്പിടൽ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ജല സംഭരണികൾ എവിടെയും പൂർത്തിയായിട്ടില്ല.
സംസ്ഥാനത്ത് 104 വില്ലേജുകളിലായി 59,770 കിലോമീറ്റർ പൈപ് ലൈനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുവരെയുള്ള കേന്ദ്ര ഫണ്ടിന്റെ തുല്യം ഫണ്ട് സംസ്ഥാന വിഹിതം അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.