കടബാധ്യതയിൽ വീട് നഷ്ടമായി; ഉമ്മറിന്റെ കുടുംബം ഓലഷെഡിൽ
text_fieldsഉമ്മറും ഭാര്യ റംലത്തും താമസിക്കുന്ന ഷെഡിന് മുന്നിൽ
കാളികാവ്: കടബാധ്യതയെത്തുടർന്ന് കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതോടെ കുടുംബം അന്തിയുറങ്ങുന്നത് ഓലഷെഡിൽ. മൂന്ന് പെൺമക്കളുടെ ഭാവിജീവിതം സുരക്ഷിതമാക്കാനും വീട് വെക്കാനുമെടുത്ത വായ്പ അടക്കാൻ കഴിയാതായതോടെയാണ് വീടും 13 സെന്റ് സ്ഥലവും ബാങ്കിന് പണയപ്പെടുത്തേണ്ടിവന്നത്.
ഇതോടെയാണ് കാളികാവ് അഞ്ചച്ചവിടി പരിയങ്ങാട് പൂങ്കുഴി ഉമ്മറിന്റെ കുടുംബം ഏതാനും മാസമായി സഹോദരിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡിൽ കഴിയുന്നത്. ഏഴു വർഷം മുമ്പാണ് ഉമ്മറും ഭാര്യയും ചേർന്ന് കാളികാവിലെ സഹകരണ ബാങ്കിൽനിന്ന് ഒമ്പത് ലക്ഷം രൂപ വായ്പയെടുത്തത്. വീട് നിർമാണവും മക്കളുടെ വിവാഹവും നടത്തി. മുതലും പലിശയും ചേർത്ത് 20 ലക്ഷത്തോളം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പലതവണ നോട്ടീസയച്ചു. എന്നാൽ, തിരിച്ചടവിന് മാർഗമില്ലാതെ ഉമ്മർ നിസ്സഹായാവസ്ഥയിലായി. അതിനിടെ ബാങ്ക് അടക്കേണ്ട സംഖ്യയിൽ ഇളവ് നൽകി 15 ലക്ഷം രൂപയാക്കി കുറച്ചുകൊടുത്തു.
അതിനുശേഷം കഴിഞ്ഞ നവംബറിൽ നടന്ന നവകേരള സദസ്സിൽ നൽകിയ അപേക്ഷയെ തുടർന്ന് വീണ്ടും ഇളവ് നൽകി ആകെ അടക്കേണ്ട തുക 12 ലക്ഷമാക്കിക്കൊടുത്തു. ഇതിനിടയിലാണ് വായ്പ തിരിച്ചടവ് പൂർത്തിയായില്ലെന്ന കാരണത്താൽ നാലുമാസം മുമ്പ് ബാങ്ക് അധികൃതരെത്തി 13 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
ഗുഡ്സ് ഓട്ടോ ഓടിച്ച് ജീവിതം പുലർത്തുന്ന ഉമ്മറിന് രണ്ട് മക്കളുണ്ട്. സുമനസ്സുകളുടെ കനിവ് പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം.