നെല്ലിയാംപാടം നഗറിലെ ആദിവാസികൾക്ക് ഭൂരേഖ നൽകാൻ നടപടി തുടങ്ങി
text_fieldsചോക്കാട് നെല്ലിയാംപാടം നഗറിലെ ഭൂമി വില്ലേജ് അധികൃതർ അളക്കുന്നു
കാളികാവ്: ചോക്കാട് നെല്ലിയാംപാടം നഗറിലെ ആദിവാസികൾക്ക് ഭൂരേഖകൾ നൽകാൻ നടപടി തുടങ്ങി. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ സ്ഥലമുടമകൾക്ക് പട്ടയമടക്കമുള്ള രേഖകൾ നൽകുന്നതിന്റെ ഭാഗമായി സ്ഥലം അളന്നുതിരിക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. ചോക്കാട് വില്ലേജ് ഓഫിസർ ബി.സി. ബിജുവിന്റെ നേതൃത്വത്തിലാണ് ഭൂസർവേ ആരംഭിച്ചത്.
വർഷങ്ങളായി ഒരു രേഖയുമില്ലാതെയാണ് ഈ ദരിദ്രകുടുംബങ്ങൾ പഞ്ചായത്തിൽ പന്നിക്കോട്ടുമുണ്ട വാർഡിലെ നെല്ലിയാമ്പാടത്ത് കഴിഞ്ഞിരുന്നത്. വീട് ലഭിച്ചിട്ടും ഭൂരേഖകളില്ലാത്തതിനാൽ ഒടുക്കന്റെ ഭാര്യ ചക്കി, പെരകന്റെ മകൾ തങ്ക എന്നിവരുടെ വീടുകളുടെ അടക്കം നിർമാണം പൂർത്തിയാക്കാനാകാനാവാത്ത സ്ഥിതിയുണ്ടായിരുന്നു.
വീട്ടുനമ്പറിന് അപേക്ഷ നൽകിയെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം കാണിക്കുന്ന രേഖ നൽകാത്തതിനാൽ നമ്പർ നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയാറായിരുന്നില്ല.
ഇവിടെയുള്ള മറ്റ് കുടുംബങ്ങൾക്കും സമാനമായ ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭൂരേഖകൾ ലഭിക്കുന്നതോടെ പ്രദേശത്തെ കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയാവുമെന്നാണ് പ്രതീക്ഷ.
ഭൂമി അളന്ന് തിരിക്കൽ പ്രക്രിയക്ക് വില്ലേജ് അധികൃതർക്കൊപ്പം വിവിധ രാഷ്ട്രീയ പ്രതിനിധികൾ ഉൾപ്പെടുന്ന വില്ലേജ് സമിതി അംഗങ്ങളും സന്നിഹിതരായി.